യൂറോയിൽ സ്വീഡനു വേണ്ടി സ്ലാട്ടനു വീണ്ടും കളിക്കാനാവും, പ്രതീക്ഷയുമായി യുവന്റസ് സൂപ്പർതാരം

സസൂളോയുമായുള്ള സീരി എ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് യുവന്റസ്. മത്സരശേഷം യുവന്റസിന്റെ ഈ സീസണിലെ മികച്ച യുവതാരമായ ഡേജൻ കുലുസേവ്സ്കിയുമായി സ്കൈ സ്പോർട്സ് ഇറ്റാലിയ നടത്തിയ അഭിമുഖത്തിൽ വിജയത്തേക്കുറിച്ച് സംസാരിക്കുകയുണ്ടായി. ഒപ്പം സൂപ്പർതാരവും സ്വന്തം രാജ്യക്കാരനായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ കുറിച്ചും മനസു തുറന്നു.

“മത്സരത്തിൽ ഇറങ്ങുന്നതിനു മുൻപ് വിജയിക്കുക എന്നത് മാത്രമായിരുന്നു എന്റെ ചിന്ത. എനിക്കു ഇതിലും നന്നായി കളിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ മൂന്നു പോയിന്റ് കിട്ടിയതിൽ ഞാൻ സന്തോഷിക്കുന്നു. യുവന്റസിൽ ഒരുപാട് വർഷം കളിക്കാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എപ്പോഴും ഗോൾ നേടാൻ ഞാൻ ശ്രമിക്കാറുണ്ട്. താരങ്ങളുമായി മികച്ച രീതിയിൽ കളിച്ചു മുന്നേറാൻ എനിക്ക് സാധിക്കും. ഇന്നത്തെ മത്സരം ഞാൻ നന്നായി ആസ്വദിച്ചു. ” കുലുസേവ്സ്കി പറഞ്ഞു.

തന്റെ സ്വന്തം രാജ്യമായ സ്വീഡനു വേണ്ടി കളിക്കുന്ന സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ കുറിച്ചും കുലുസേവ്സ്കി മനസു തുറന്നു. എസി മിലാനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചിട്ടും സ്വീഡൻ സ്ലാട്ടനെ തിരിച്ചു വിളിച്ചിട്ടില്ല. സ്വീഡനിലേക്ക് തിരിച്ചു വരാൻ ആഗ്രഹമുണ്ടെന്നു സ്ലാട്ടനും അടുത്തിടെ സൂചന നൽകിയിരുന്നു. കുലുസേവ്സ്കിയുടെ അഭിപ്രായത്തിൽ യൂറോ കപ്പിന് സ്ലാട്ടൻ സ്വീഡനിലേക്ക് തിരിച്ചു വരണമെന്നാണ് താരം ആഗ്രഹിക്കുന്നത്.

” ഞങ്ങൾ പരസ്പരം എഴുതാറുണ്ട്. അദ്ദേഹമെനിക്കൊരു ആരാധനപാത്രമാണ്. അദ്ദേഹം ചെയ്യുന്നത് ലോകത്ത് പലർക്കും വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. എന്നെ കുറിച്ച് അദ്ദേഹം പറയുമ്പോൾ അതെനിക്ക് അടുത്ത പരിശീലനത്തിൽ ഇനിയും കഠിനധ്വാനം ചെയ്യാൻ പ്രചോദനമാവാറുണ്ട്. കാരണം എനിക്കു അത്രക്കും അഭിമാനം തോന്നാറുണ്ട്. യൂറോയിൽ സ്വീഡനു വേണ്ടി കളിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇതെനിക്കും സ്വീഡനും മികച്ച ഒരു കാര്യം തന്നെയായിരിക്കും. കമോൺ ഇബ്രാ” കുലുസേവ്സ്‌കി പറഞ്ഞു.

You Might Also Like