സൂപ്പർസ്‌ട്രൈക്കറെ തട്ടകത്തിലെത്തിച്ച് യുവന്റസ്, ഡിബാലക്കും ക്രിസ്ത്യാനോക്കുമൊപ്പം കളിക്കും
ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിട്ട അർജന്റൈൻ സൂപ്പർ താരം ഗോൺസാലോ ഹിഗ്വയ്‌ന്റെ സ്ഥാനത്തേക്ക് പുതിയ സ്‌ട്രൈക്കറെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു യുവന്റസ് പരിശീലകനായ പിർലോ. റോമ താരം എഡിൻ ജെക്കോയുമായാണ് യുവന്റസുമായി ബന്ധപ്പെട്ട് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നത്.
എന്നാൽ ആ തീരുമാനം മാറ്റി മറ്റൊരു സൂപ്പർ സ്‌ട്രൈക്കറെ ടീമിലെത്തിച്ചിരിക്കുകയാണ് യുവന്റസ്. നിലവിൽ അത്‌ലെറ്റിക്കോ മാഡ്രിഡ് താരവും മുൻ യുവന്റസ് താരവുമായിരുന്ന അൽവാരോ മൊറാട്ടയാണ് ഇനി യുവന്റസിന്റെ അക്രമണനിരയിൽ ഉണ്ടാവുക. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇറ്റാലിയൻ ജേർണലിസ്റ്റായ ഫാബ്രിസിയോ റൊമാനൊ അടക്കമുള്ളവർ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.
Álvaro Morata to Juventus, here we go! He’ll be tomorrow in Turin to have medicals and sign his contract. Total agreement reached with Atléti [signing Suarez as replacement] after Dzeko deal stalling by 2 days because of Milik>Roma issues. Morata is coming 🚨 @DiMarzio @SkySport
— Fabrizio Romano (@FabrizioRomano) September 21, 2020
ലോണിലാണ് താരം യുവന്റസിലേക്ക് ചേക്കേറുന്നത്. പിന്നീട് താരത്തെ വാങ്ങാനുള്ള അവസരവുമുണ്ട്. അത്‌ലെറ്റിക്കോ മാഡ്രിഡിൽ സ്ഥാനം കണ്ടെത്താനാവാതെ വിഷമിക്കുന്ന താരം ജൂണിൽ മത്സരങ്ങൾ പുനരാരംഭിച്ച ശേഷം പന്ത്രണ്ട് മത്സരങ്ങളിൽ ആറെണ്ണത്തിൽ മാത്രമാണ് താരം കളിക്കാനായത്. പലപ്പോഴും താരത്തേക്കാൾ ഡിയഗോ കോസ്റ്റക്കാണ് സിമിയോണി മുൻഗണന നൽകിയത്.
സുവാരസിനെക്കൂടി എത്തിക്കുന്നതോടെ അവസരങ്ങൾ ഇല്ലാതാവുമെന്ന തിരിച്ചറിവാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്. 63 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ യുവന്റസ് ജേഴ്സിയിൽ നേടാൻ താരത്തിനായിരുന്നു. രണ്ട് ലീഗ് കിരീടങ്ങൾ നേടാനും 2015-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും മൊറാട്ടയുടെ പങ്ക് വലുതായിരുന്നു. ഏതായാലും റയൽ മാഡ്രിഡിൽ ഒന്നിച്ചു കളിച്ച ക്രിസ്ത്യാനോയും മൊറാട്ടയും വീണ്ടും ഒന്നിക്കുകയാണ്.