റൊണാൾഡോ, സാറി, ഡിബാല എന്നിവരുടെ ഭാവിയെക്കുറിച്ച് വ്യക്തമാക്കി യുവന്റസ് ഡയറക്ടർ

ലാസിയോക്കെതിരെ ഇന്നലെ നടന്ന സീരി എ മത്സരത്തിൽ വിജയിച്ച് ലീഗ് കിരീടത്തോട് ഒരു പടി കൂടി യുവന്റസ് അടുത്തതിനു പിന്നാലെ ടീമിലെ സൂപ്പർതാരങ്ങളുടെയും പരിശീലകന്റെയും ഭാവിയെക്കുറിച്ചു വെളിപ്പെടുത്തി ക്ലബ് ഡയറക്ടർ ഫാബിയോ പരാറ്റിസി. യുവന്റസ് മുന്നേറ്റനിരയിലെ സൂപ്പർ താരങ്ങളായ റൊണാൾഡോ, ഡിബാല എന്നിവരെക്കുറിച്ചും പരിശീലകൻ സാറിയെക്കുറിച്ചുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

“സാറി അടുത്ത സീസണിലും പരിശീലകനായി തുടരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുപോലെ റൊണാൾഡോയും ഇവിടെ തുടരുന്ന കാര്യത്തിൽ സമ്മതമറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഡിബാലയുമായി പുതിയ കരാർ ഒപ്പിടുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാനിരിക്കയാണ്. അദ്ദഹം വളരെ പ്രധാനപ്പെട്ട താരമാണ്.” പരറ്റിസി പറഞ്ഞു.

പൊചെട്ടിനോ അടുത്ത സീസണിൽ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. “അത്തരം വാർത്തകളെല്ലാം മാധ്യമങ്ങൾ പുറത്തിറക്കുന്നതാണ്. ഞാനിവിടെ പത്തു വർഷത്തോളമായുണ്ട്. നിരവധി കിരീടങ്ങൾ സ്വന്തമാക്കിയതിനൊപ്പം ടീമിന്റെ ഒറ്റക്കെട്ടായുള്ള നിലനിൽപ്പും വളരെ പ്രാധാന്യം നിറഞ്ഞതായിരുന്നു.” അദ്ദേഹം വ്യക്തമാക്കി.

ലാസിയോയെ തോൽപിച്ചതോടെ നാലു മത്സരങ്ങൾ ബാക്കി നിൽക്കെ സീരി എ കിരീടം യുവന്റസ് ഏറെക്കുറെ ഉറപ്പിച്ചു. ഇനി ഒരു ജയവും ഒരു സമനിലയും സ്വന്തമാക്കിയാൽ സാറിക്കു കീഴിൽ ആദ്യത്തെ ലീഗ് കിരീടം ഇറ്റാലിയൻ ക്ലബ് ഉയർത്തും.

You Might Also Like