മികച്ചതാരത്തിനുള്ള പുരസ്‌കാരം ലിവർപൂൾ ക്യാപ്റ്റൻ, ഹെൻഡേഴ്സൺ മറികടന്നത് ഡിബ്രൂയ്നെയെ!

Image 3
EPLFeaturedFootball

ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടവിജയത്തിൽ മുഖ്യ പങ്കുവഹിച്ച താരമാണ് ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ. ഇംഗ്ലണ്ടിലെ ഫുട്ബോൾ മാധ്യമപ്രവർത്തകരുടെ സംഘടനയായ ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷന്റെ ഈ സീസണിലെ മികച്ചതാരത്തിനുള്ള പുരസ്‌കാരം ഹെൻഡേഴ്‌സണെ തേടിയെത്തിയിരിക്കുകയാണ്.

അസോസിയേഷൻ അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് ഹെൻഡേഴ്സൺ വിജയിയായത്. ലിവർപൂളിന്റെ ചരിത്രത്തിലെ ആദ്യ പ്രീമിയർ ലീഗ് കിരീടനേട്ടത്തിലേക്കുള്ള കുതിപ്പിൽ വഹിച്ച പങ്കിനാണ് ഹെൻഡേഴ്സനെ മികച്ച താരമായി തിരഞ്ഞെടുത്തത്. മാഞ്ചസ്റ്റർസിറ്റിയുടെ സൂപ്പർ താരം കെവിൻ ഡി ബ്രുയ്‌നെയാണ് രണ്ടാമതെത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റതാരം മാർക്കസ് റാഷ്ഫോർഡ് വോട്ടിങ്ങിൽ മൂന്നാമതെത്തി. ലിവർപൂളിന്റെ തന്നെ അലിസൻ ബെക്കർ, വിർജിൽ വാൻ ഡൈക്ക് എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിലെത്തിയത്. ഇത് പതിനാലാം തവണയാണ് ലിവർപൂളിലേക്ക് ഈ പുരസ്കാരമെത്തുന്നത്. നേരത്തെ മുഹമ്മദ് സലാഹ്‌, ലൂയിസ് സുവാരസ്, സ്റ്റീവൻ ജെറാർഡ്, കെന്നി ഡാല്ഡഗിഷ്, ഇയാൻ റഷ് തുടങ്ങിയ ലിവർപൂൾ താരങ്ങൾ ഈ പുരസ്കാരം നേടിയിട്ടുണ്ട്.

ആദ്യ അഞ്ചുതാരങ്ങൾക്ക് പുറമെ ലിവർപൂളിന്റെ തന്നെ സാദിയോ മാനെ, ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, സിറ്റിയുടെ റഹീം സ്റ്റെർലിങ്, സെർജിയോ അഗ്യൂറോ, യുണൈറ്റഡിന്റെ ആരോൺ വാൻ ബിസാക്ക, വോൾവ്സിന്റെ അദമാ ട്രയോറെ, ലെസ്റ്റർ സിറ്റിയുടെ ജെയിംസ് മാഡിസൻ, ജോണി ഇവാൻസ്, ആസ്റ്റൺ വില്ലയുടെ ജാക്ക് ഗ്രിയലിഷ്, സതാംപ്ടന്റെ ഡാനി ഇങ്സ് എന്നിവർക്കും വോട്ടുകൾ ലഭിച്ചു.