എടികെയില്‍ നിന്ന് ജോബി ബ്ലാസ്റ്റേഴ്‌സിലെത്തുമോ? സൂചനകളിങ്ങനെ

രണ്ട് മാസം മുമ്പ് എടികെയില്‍ കളിക്കുന്ന മലയാളി താരം ജോബി ജസ്റ്റിന്‍ ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് കൂടുമാറിയേക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ജോബി തന്നെ രംഗത്ത് വന്നതോടെ ആ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

കഴിഞ്ഞ ദിവസം വീണ്ടും ജോബി ജസ്റ്റിന്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയേക്കുമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു അടിസ്ഥാവുമില്ലെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് വൃത്തങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിക്കുന്ന വിവരം. ജോബിയുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

ജോബിയ്ക്ക് രണ്ട് വര്‍ഷം കൂടി എടികെ മോഹന്‍ ബഗാനില്‍ കരാറുണ്ടെന്നും അതിനാല്‍ തന്നെ എങ്ങോട്ടേക്കും പോകാന്‍ നിലവില്‍ താരത്തിന് കഴിയില്ലെന്നും ഇവര്‍ സൂചിപ്പിക്കുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കായിക മാധ്യമമായ ദ ബ്രിഡ്ജിലെ മാധ്യമ പ്രവര്‍ത്തകന്‍ സാഗ്നിക്ക് കുണ്ടുവും ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഐഎസ്എള്‍ സീസണില്‍ എടികെ കൊല്‍ക്കത്ത കിരീടം നേടിയെങ്കിലും ജോബി ജസ്റ്റിന് കൂടുതല്‍ അവസരം ലഭിച്ചിരുന്നില്ല. 10 മത്സരങ്ങള്‍ മാത്രമാണ് ജോബിയ്ക്ക് കൊല്‍ക്കത്തയ്ക്കായി കളിക്കാനായത്. ഇതില്‍ ഭൂരിഭാഗവും പകരക്കാരനായിട്ടും ആയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റന്‍സും ആയിരുന്നു ജോബിയുടെ ഐഎസ്എല്‍ കഴിഞ്ഞ സീസണില്‍ പ്രകടനം.

അതെസമയം ബ്ലാസ്റ്റേഴ്‌സിലെത്താന്‍ ജോബി പലപ്പോഴും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം. ബ്ലാസ്റ്റേഴ്‌സ് ക്ഷണിച്ചാല്‍ ടീമിലേക്ക് വരാന്‍ സന്നദ്ധനാണെന്ന് ജോബി തന്നെ പലപ്പോഴും വ്യക്തമാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കുക എന്നത് തന്റെ വലിയ സ്വപ്നമാണെന്ന് പറയുന്ന ഈ മലയാളി സ്ട്രൈക്കര്‍ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് തന്നില്‍ താല്പര്യം ഉണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് താന്‍ എപ്പോഴും ഒരുക്കമാണെന്നും നിരവധി തവണ പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

You Might Also Like