എന്നെ ചതിച്ചത് പോലെ തന്നെ ജിങ്കനേയും ചതിച്ചു, ബ്ലാസ്‌റ്റേഴ്‌സിനെതിരെ ആഞ്ഞടിച്ച് ഹ്യൂം

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബ്ലാസറ്റേഴ്‌സ് താരം ഇയാന്‍ ഹ്യും. തനിയ്ക്ക് സംഭവിച്ചത് തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സില്‍ സന്ദേഷ് ജിങ്കന് സംഭവിയ്ക്കുന്നതെന്നാണ് ഹ്യൂം തുറന്ന് പറയുന്നത്. ട്വിറ്ററിലൂടെയാണ് ഹ്യൂമിന്റെ ആരോപണം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയ തുടിപ്പായിരുന്നു ജിങ്കന്‍. പക്ഷെ ഒരു വര്‍ഷം പരിക്കേറ്റതോടെ ക്ലബ് താരത്തെ വിശ്വസിക്കാതിരിക്കുകയാണ് . തനിക്ക് സംഭവിച്ചത് ആവര്‍ത്തിക്കുകയാണെന്നും തനിക്കിതില്‍ അത്ഭുതമില്ലെന്നും ഹ്യൂം കുറിച്ചു.

നേരത്തെ രണ്ട് വര്‍ഷം മുമ്പ് പരിക്കേറ്റ് സീസണ്‍ നഷ്ടമായ ഹ്യൂമിനെ ഒഴിവാക്കാന്‍ മാനേജുമെന്റ് തീരുമാനിച്ചതാണ് താരം ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നത്. പരിക്കേറ്റ ഹ്യൂമില്‍ വിശ്വാസം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്‌സ് താരത്തിന് പുതിയ കരാര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതാണ് ഹ്യൂം ഇപ്പോള്‍ ഓര്‍ക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ജിങ്കനും കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുന്ന എന്ന വാര്‍ത്ത പുറത്ത് വന്നത്. പ്രമുഖ ഇംഗ്ലീഷ് ഫുട്ബോള്‍ വെബ്സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്ലാസ്റ്റേഴ്സ് വിടാന്‍ ജിങ്കന്‍ തീരുമാനിച്ചതായാണ് ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്ലാസ്റ്റേഴ്സില്‍ പുതിയ മാനേജുമെന്റ് വന്നതിന് പിന്നാലെയാണ് 27കാരന്റെ അമ്പരപ്പിക്കുന്ന തീരുമാനം. വിദേശത്തേയ്ക്ക് ട്രയലിന് പോകാനാണ് ജിങ്കന്റെ തീരുമാനമെന്നും സൂചനയുണ്ട്.