യൂറോപ്പ് വിടാനൊരുങ്ങി ബാഴ്‌സലോണ, തടയില്ലെന്ന് ഹാവിയർ ടെബാസ്

ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായ ബാഴ്‌സലോണ അടുത്ത സീസണിൽ യൂറോപ്പ് വിട്ട് മറ്റേതെങ്കിലും ലീഗിൽ കളിക്കാൻ തീരുമാനിച്ചാൽ തടയില്ലെന്ന് ലാ ലിഗ പ്രസിഡന്റായ  ഹാവിയർ ടെബാസ്. നെഗ്രയ്‌ഗ കേസ് കാരണം ബാഴ്‌സലോണക്ക് ചാമ്പ്യൻസ് ലീഗിൽ നിന്നും വിലക്ക് വരാനുള്ള സാധ്യതയുള്ളതു കൊണ്ട് അവർ യൂറോപ്പ് വിടുമെന്ന റിപ്പോർട്ടുകൾ ഉള്ളതിനാലാണ് ടെബാസ് തന്റെ തീരുമാനം പറഞ്ഞത്.

കഴിഞ്ഞ മാനേജ്‌മെന്റുകളുടെ കാലത്ത് റഫറിയിങ് ഫെഡറേഷന് നിശ്ചിത കാലയളവിൽ നിശ്ചിത തുക നൽകിയെന്ന ആരോപണമാണ് ബാഴ്‌സലോണ നേരിടുന്നത്. ഇതിൽ യുവേഫ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകും. അങ്ങിനെയെങ്കിൽ യൂറോപ്പ് വിട്ട് മറ്റു ഭൂഖണ്ഡത്തിലേക്ക് ചേക്കേറുന്ന കാര്യം അവർ ആലോചിക്കുന്നുണ്ട്.

“ബാഴ്‌സലോണയാണ് അതിൽ തീരുമാനം എടുക്കേണ്ടത്. വരുമാനം ഉണ്ടാക്കാനും നഷ്‌ടങ്ങൾ നികത്താനുമാണ് അവർ ഇത് ചെയ്യുന്നതെങ്കിൽ എനിക്കതിൽ കുഴപ്പമൊന്നുമില്ല. മറ്റൊരു ചാമ്പ്യൻസ് ലീഗിനെ കുറിച്ചാണ് ഞാനിതു പറയുന്നത്. നിയമപരമായി മറ്റൊരു രാജ്യത്തെ ലീഗിൽ കളിക്കാൻ അവർക്ക് കഴിയില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.” ടെബാസ് കഴിഞ്ഞ ദിവസം മാർക്കയോട് പറഞ്ഞു.

യുവേഫയുടെ അന്വേഷണത്തിന്റെ ഫലം കാത്തിരിക്കുകയാണ് ബാഴ്‌സലോണയിപ്പോൾ. അതിൽ കുറ്റവിമുക്തരാക്കപ്പെട്ടാൽ ബാഴ്‌സലോണ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലുണ്ടാകും, അതല്ലെങ്കിൽ ബാഴ്‌സക്കെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം കേസന്വേഷണത്തിന്റെ ഗതി ബാഴ്‌സയ്ക്ക് അനുകൂലമാണ്.

You Might Also Like