ട്രാന്‍സ്ഫര്‍ വിപണിയില്‍ റെക്കോര്‍ഡ് തുക മുടക്കി ചെല്‍സി; പ്രീമിയര്‍ലീഗില്‍ ലക്ഷ്യം നിരവധി

ലണ്ടന്‍: ജനുവരി ട്രാന്‍സ്ഫര്‍ ജാലകം അവസാനിച്ചതോടെ കൂടുതല്‍ തുക മുടക്കിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് ചെല്‍സി. എട്ട് താരങ്ങളെയാണ് അടുത്തിടെ നീലപട സ്വന്തംകൂടാരത്തിലെത്തിച്ചത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പോര്‍ച്ചുഗല്‍ ക്ലബ് ബെനഫിക്കയില്‍ നിന്ന് അര്‍ജന്റീനന്‍ ലോകകപ്പ് ഹീറോ എന്‍സോ ഫെര്‍ണാണ്ടസിനെ സൈന്‍ ചെയ്യിപ്പിച്ചതാണ്. 121 മില്യണ്‍ യൂറോയാണ് യുവതാരത്തിനായി ചെല്‍സി മുടക്കിയത്.


കൂടുതല്‍ താരങ്ങള്‍ എത്തിയതോടെ പ്രീമിയര്‍ ലീഗിലെ പത്താം സ്ഥാനത്തു നിന്ന് മുകളിലേക്ക് കയറാനാകുമെന്നാണ് മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സിയുടെ പ്രതീക്ഷ. ആദ്യ നാലില്‍ എത്തി ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്കായി അവസാന ശ്രമം കൂടി നടത്തുക എന്നതാവും ചെല്‍സിയുടെ ഇനിയുള്ള ലക്ഷ്യം.

അമേരിക്കയിലെ ടോഡി ബോഹ്ലി ചെല്‍സിയുടെ ഉടമയായതോടെ കഴിഞ്ഞ ട്രാന്‍സ്ഫര്‍ മുതല്‍ നിരവധി താരങ്ങളെയാണ് പുതുതായി ടീമിലെത്തിച്ചത്. പരിശീലകസ്ഥാനത്തുനിന്ന് ടോമസ് ടുഷേലിനെ മാറ്റി ഗ്രഹാം പോട്ടറിനെ എത്തിക്കുകയും ചെയ്തു. ഭാവിയിലേക്കുള്ള ടീം ലക്ഷ്യമിട്ട് കൂടുതല്‍ യുവതാരങ്ങളെയാണ് സൈന്‍ ചെയ്യിച്ചത്. ഈ സീസണിലെ ഇടക്കാല ട്രാന്‍സ്ഫര്‍ ജാലകത്തില്‍ താരങ്ങളെ സ്വന്തമാക്കാന്‍ ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന യൂറോപ്യന്‍ ക്ലബ്ബെന്ന റെക്കോര്‍ഡും ഇന്നലെ എന്‍സോയെ സ്വന്തമാക്കിയതിലൂടെ ചെല്‍സിക്ക് സ്വന്തമായി.

ഈ സീസണില്‍ 280 മില്യണ്‍ ഡോളറാണ് കളിക്കാരെ ടീമിലെത്തിക്കാന്‍ മാത്രം ചെല്‍സി ചെലവഴിച്ചത്. ആര്‍സനല്‍ ലക്ഷ്യംവച്ചിരുന്ന ഉക്രൈന്‍ താരം മൈക്കലോ മുഡ്രിച്ചിനെ 88 മില്യണ്‍ നല്‍കിയാണ് ടീമിലെടുത്തത്. 33 മില്യണ്‍ നല്‍കി ബെനോട്ട് ബഡിയാഷില്‍, ലോണില്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ജാവോ ഫെലിക്‌സ്, ബ്രസീല്‍ യുവതാരം ആന്‍ട്രോ സാന്റോസ്, ഐവറികോസ്റ്റ് യുവതാരം ഡേവിഡ് ഫൊഫാന, ചുകുമെക, ഒബമെയാംഗ്, ഫ്രാന്‍സ് മുന്നേറ്റതാരം എന്‍കുന്‍കു തുടങ്ങി ഒട്ടേറെ കളിക്കാരെയാണ് ടീമിലെത്തിച്ചത്. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലും പ്രീമിയര്‍ലീഗിലും മികച്ച പ്രകടനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.


മധ്യനിരയിലെ പ്രധാനതാരം ജോര്‍ജീന്യോയെയും മൊറോക്കോയുടെ ഹക്കിം സിയെച്ചിനേയും വില്‍ക്കുകയും ചെയ്തു. പ്രതിരോധതാരം ഫൊഫാന, റീല്‍ ജെയിംസ്, ചില്‍വെല്‍, എന്‍കോളോ കാന്റെ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങള്‍ പരിക്ക്മൂലം പുറത്താണ്. ഇവര്‍കൂടിയെത്തുന്നതോടെ മികച്ച ബെഞ്ച് സ്‌ട്രൈംഗ്ത്തുള്ള ടീമായി ചെല്‍സി മാറും. നിലവില്‍ പോയന്റ് ടേബിളില്‍ ചെല്‍സി പത്താംസ്ഥാനത്താണ്. ഇരുപത് കളിയില്‍ എട്ട് ജയംമാത്രമാണ് സ്വന്തമാക്കാനായത്. അഞ്ച് കളി സമനിലയായപ്പോള്‍ ഏഴ് കളിയില്‍ പരാജയപ്പെട്ടു.


മുന്‍ സീസണ്‍ അപേക്ഷിച്ച് ഗോളടിക്കുന്നതിലുംടീം പിന്നോക്കം പോയി. ഇതുവരെ 22 ഗോളുകള്‍മാത്രമാണ് നേടിയത്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് നോക്കുകള്‍ ഇതു ശരാശരിയ്ക്കും താഴെയാണ്.മധ്യനിരയിലെ കരുത്ത് ചോര്‍ന്നതാണ് ഇംഗ്ലീഷ് ക്ലബിന് തിരിച്ചടിയായത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ വരവോടെ മു്‌ന്നേറ്റനിര ശക്തിപ്പെടുമെന്നാണ് ആരാധകരുടെ കണക്ക് കൂട്ടല്‍. ബെനഫിക്ക ജേഴ്‌സിയില്‍ കളിച്ച 29 മത്സരങ്ങളില്‍ നാലു ഗോളുകളും ഏഴ് അസിസ്റ്റുമാണ് എന്‍സോയുടെ പേരിലുള്ളത്. പോര്‍ച്ചുഗീസ് ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡറായും എന്‍സോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

You Might Also Like