ഇംഗ്ലീഷ് വന്‍ മതിലിനെ റാഞ്ചി, അമ്പരപ്പിച്ച് ജംഷഡ്പൂര്‍

ഐഎസ്എല്ലിലേക്ക് മറ്റൊരു തകര്‍പ്പന്‍ സൈനിംഗ് കൂടി നടത്തിയ ജംഷഡ്പൂര്‍ എഫ്‌സി. ഇംഗ്ലീഷ് പ്രതിരോധ താരം പീറ്റര്‍ ഹാര്‍ഡ്‌ലിയെയാണ് ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലുമെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെച്ച ശേഷമാണ് 32കാരനായ ഹാഡ്‌ലിയുടെ ഇന്ത്യയിലേക്കുളള വരവ്.

സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മദന്‍വെല്‍ എഫ്‌സിയ്ക്കായി മൂന്ന് സീസണുകളില്‍ പന്ത് തട്ടിയ ശേഷമാണ് ഹാഡ്‌ലി ജംഷഡ്പൂരില്‍ പന്ത് തട്ടാനെത്തുന്നത്. മദര്‍വെല്ലിനായി 53 മത്സരങ്ങള്‍ കളിച്ചിട്ടുളള താരം നാല് ഗോളും നേടിയിട്ടുണ്ട്.

‘ജംഷഡ്പൂരിനായി പന്ത് തട്ടാന്‍ അവസരം ലഭിച്ചതോടെ ഞാന്‍ ആദരിക്കപ്പെട്ടിരിക്കുന്നു. ഓവന്‍ കോയിലിന് കീഴില്‍ പന്ത് തട്ടുന്നതിനെ കുറിച്ച് സത്യത്തില്‍ രണ്ടാമതൊന്ന് എനിക്ക് ആലോചിക്കേണ്ടി വന്നില്ല. ജംഷഡ്പൂരിനായി 110 ശതമാനവും ആത്മാര്‍ത്ഥതയോടെ ഞാന്‍ പന്ത് തട്ടും’ കരാര്‍ ഒപ്പിട്ടുകൊണ്ട് ഹാഡ്‌ലി പറഞ്ഞു.

പ്രീമിയര്‍ ലീഗ് ക്ലബായ സണ്ടര്‍ ലാന്‍ഡ് അക്കാദമിയിലൂടെ പ്രഫഷണല്‍ ക്ലബിലേക്ക് വന്ന ഹാഡ്‌ലി ബ്ലാക്ക് പൂള്‍ ബ്രിസ്റ്റോള്‍ റോവല്‍സ്, ഹാര്‍ട്ടിപൂള്‍ യുണൈറ്റഡ് എന്നീ ക്ലബുകള്‍ക്കായും പന്ത് തട്ടിയിട്ടുണ്ട്.

ഐഎസ്എല്‍ ഏഴാം സീസണിന് മുന്നോടിയായി മികച്ച മുന്നൊരുക്കമാണ് ജംഷഡ്പൂര്‍ നടത്തുന്നത്. ചെന്നൈയെ ഫൈനലിലെത്തിച്ച പരിശീലകനെ ഈ സീസണില്‍ ടീമിലെത്തിച്ച ജംഷഡ്പൂര്‍ നാലോളം വിദേശ താരങ്ങളെ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.

You Might Also Like