ചരിത്രമെഴുതി ജെയ്മി വാര്‍ഡി, ഗോള്‍ഡണ്‍ ബൂട്ടിനൊപ്പം അവിശ്വസനീയ റെക്കോര്‍ഡും
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഗോളൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും ലൈസസ്റ്റര്‍ സിറ്റി സ്ട്രൈക്കര്‍ ജെയ്മി വാര്‍ഡി ഈ വര്‍ഷത്തെ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് സ്വന്തമാക്കി. 23 ഗോളുകളാണ് പ്രീമിയര്‍ ലീഗില്‍ വാര്‍ഡി അടിച്ചുകൂട്ടിയത്. 22 ഗോളുകളുമായി ആഴ്‌സണലിന്റെ ഗോളടിയന്ത്രം പിയറി എമെറിക് ഒബമയാങാന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഇതോടെ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ഏറ്റവും പ്രായംകൂടിയ താരം എന്ന നേട്ടം ജെയ്മി വാര്‍ഡി സ്വന്തമാക്കി. താരത്തിനു 33 വയസാണ്. 22 ഗോളുകളുമായി സതാംപ്ടണ്‍ താരം ഡാനി ഇങ്സ് മൂന്നാമതെത്തിയപ്പോള്‍ 20 ഗോളുകളുമായി സിറ്റി വിങ്ങര്‍ റഹീം സ്റ്റെര്‍ലിങ്ങാണ് നാലാം സ്ഥാനത്തുള്ളത്.
ജയിച്ചാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാമായിരുന്ന യുണൈറ്റഡിനെതിരെയുള്ള മത്സരത്തില്‍ ലെസ്റ്ററിന് രണ്ട് ഗോളിന് തോല്‍ക്കാനായിരുന്നു വിധി. വാര്‍ഡിക്ക് ഗോളുകളൊന്നും നേടാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഗോള്‍വേട്ടക്കാരില്‍ ലൈസസ്റ്റര്‍ സിറ്റി താരത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തോറ്റെങ്കിലും അഞ്ചാംസ്ഥാനത്തു തുടര്‍ന്ന ലൈസസ്റ്റര്‍ യൂറോപ്പ ലീഗിനു യോഗ്യത നേടി.
1992-93 സീസണില്‍ ടോട്ടനത്തിനു വേണ്ടി കളിച്ച ടെഡി ഷെറിങ്ങാം ആണ് വാര്‍ഡിക്കു മുമ്പേ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് നേടിയ ഏറ്റവും പ്രായമേറിയ താരം. അദ്ദേഹത്തിനും 33 വയസായിരുന്നു. ഈ നൂറ്റാണ്ടില്‍ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് കളിക്കാരനും ജെയ്മി വാര്‍ഡിയാണ്. കെവിന്‍ ഫിലിപ്പും ഹാരി കെയ്നുമാണ് ഇതിനു മുന്‍പ് ഗോള്‍ഡന്‍ ബൂട്ട് നേടിയ ഇംഗ്ലീഷ് താരങ്ങള്‍.