കേട്ടുകേള്‍വിയില്ലാത്ത ഓഫര്‍ നല്‍കി ഒഡീഷ, ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജിങ്കന് പൊള്ളുന്ന വില

കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട സൂപ്പര്‍ താരം സന്ദേഷ് ജിങ്കന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പൊള്ളുന്ന തുക. നാല് ഐഎസ്എല്‍ ക്ലബുകളാണ് ജിങ്കനെ സ്വന്തമാക്കാന്‍ പുറകെ നടക്കുന്നത്. ഇതില്‍ ഒഡീഷ എഫ്‌സിയാണ് കേട്ടുകേള്‍വിയില്ലാത്ത തുക ഓഫറായി നല്‍കിയിരിക്കുന്നത്. ഒഡിഷ എഫ്‌സിയുടെ ഉടമ തന്നെ ജിങ്കനെ സ്വന്തമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും ആയി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ജിങ്കന്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

ഒഡീഷയെ കൂടാതെ എഫ്‌സി എഫ് സി ഗോവ, മുമ്പ് ജിങ്കന്‍ കളിച്ചിട്ടുള്ള ക്ലബ് കൂടിയായ ബെംഗളൂരു എഫ് സി, ഐഎസ്എല്‍ ചാമ്പ്യന്‍മാരായ എടികെ എന്നീ ടീമുകളാണ് ജിങ്കന് പിന്നാലെയുളളത്.

കൂടാതെ വിദേശ ക്ലബുകളും ജിങ്കനുമായി ചര്‍ച്ചയിലുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ തെളിവുകളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ വിദേശ ടീമിന്റെ ഭാഗമാകാനുളള ആഗ്രഹം ഇതിനോടകം തന്നെ ജങ്കന്‍ പ്രകടിപ്പിച്ചും കഴിഞ്ഞു. പക്ഷെ കൊറോണ വൈറസിന്റെ പ്രത്യഘാതങ്ങള്‍ ലോകം മുഴുവന്‍ വ്യാപിച്ചിരിക്കെ വിദേശ ലീഗില്‍ അടുത്ത സീസണില്‍ ജിങ്കന് പന്തുതട്ടുക പ്രയാസകരമായിരിക്കും. പല രാജ്യത്തും ലീഗുകള്‍ പാതിവഴിയില്‍ നില്‍ക്കെ വിദേശ ക്ലബില്‍ ജിങ്കന് ചേക്കേറാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.

ഇതോടെ മറ്റൊരു ഐഎസ്എല്‍ ക്ലബിലേക്ക് ജിങ്കന്‍ ചേക്കേറാനുളള സാധ്യതയാണ് മുന്നില്‍ നില്‍ക്കുന്നത്. ഐഎസ്എല്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ 26കാരനായ ജിങ്കനെ സംബന്ധിച്ച് ഏറെ സാധ്യതകളാണ് നിലവില്‍ ഇപ്പോഴുളളത്.

ഇന്ത്യന്‍ ഫുട്ബോളിലെ പുതിയ പോളിസിയാണ് ജിങ്കനെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിക്കാനുളള പ്രധാന കാരണം. 2021-22 സീസണ്‍ മുതല്‍ 3+1 വിദേശ താരങ്ങള്‍ മാത്രമാണ് ഐഎസ്എല്ലിലിലെ ഓരോ ടീമിലും കളിക്കളത്തിലുണ്ടാകുക. ഇതോടെ ജിങ്കനെ പോലുളള ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് വലിയ സാധ്യതയാണ് തുറക്കപ്പെടുന്നത്.

നിലവില്‍ പ്രതിരോധത്തില്‍ രണ്ട് വിദേശതാരങ്ങളെ വെച്ചാണ് ആറോാളം ക്ലബുകള്‍ മത്സരത്തിനിറങ്ങുന്നത്. വിദേശ താരങ്ങളുടെ എണ്ണം വെട്ടികറക്കുമ്പോള്‍ പ്രതിരോധത്തില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ ഐഎസ്എല്‍ ക്ലബുകള്‍ക്ക് ആശ്രയിക്കേണ്ടി വരും എന്നാല്‍ മാത്രമേ മധ്യനിരയിലും മുന്നേറ്റ നിരയിലുമെല്ലാം കൂടുതല്‍ വിദേശ താരങ്ങളെ കളിപ്പിക്കാനാകുക.

ഇതോടെ ജിങ്കനെ പോലൊരു ഇന്ത്യന്‍ പ്രതിരോധ താരം ടീമിലുണ്ടാകുക എന്നത് ഓരോ ക്ലബുകളുടേയും ആവശ്യവും ആയി മാറും. ജിങ്കനെ എന്ത് വിലകൊടുത്തും സ്വന്തമാക്കാന്‍ ഐഎസ്എല്‍ ക്ലബുകള്‍ ഒരുങ്ങന്നതിന് പിന്നിലെ രഹസ്യവുമിതാണ്.

You Might Also Like