ഷറ്റോരിയെ പുറത്താക്കിയ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമോ?, ഒഗ്‌ബെച്ചോയ്ക്കും സിഡോയക്കും പറയാനുളളത്
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്നും എല്‍കോ ഷറ്റോരിയെ പുറത്താക്കിയതോടെ ആരാധകരുടെ ഏറ്റവും വലിയ ആകാംക്ഷ ബ്ലാസ്റ്റേഴ്‌സ് നായകന്‍ കൂടിയായ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബര്‍തലോമിയോ ഓഗ്‌ബെച്ചെ ടീമില്‍ തുടരുമോയെന്നാണ്. 15 ഗോളോടെ കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറര്‍ സ്ഥാനം പങ്കിട്ട നായകന്‍ ഓഗ്‌ബെച്ചെ കടുത്ത തീരുമാനങ്ങളെന്തെങ്കിലും എടുത്താല്‍ അത് ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടിയാകും.
എന്നാല്‍ എല്‍കോ ഷറ്റൊരി പോയാല്‍ ടീം വിടുമെന്നുള്ള അഭ്യൂഹങ്ങള്‍ ഓഗ്‌ബെച്ചെ തള്ളിയിരിക്കുകയാണ്. ഒരു വര്‍ഷം കൂടി ബ്ലാസ്റ്റേഴ്‌സില്‍ തുടരാനാണ് ഒഗ്‌ബെച്ചേയുടെ തീരുമാനം. നേരത്തെ ഷറ്റൊരിയായിരുന്നു നേര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്നും ഒഗ്‌ബെച്ചെയെ ബ്ലാസ്റ്റേഴ്‌സിലേക്ക് കൊണ്ട് വന്നത്.
ഒഗ്‌ബെച്ചെയെ കൂടാതെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ സിഡോഞ്ചയും തുടരും. സിഡോയുടെ കരാറും ഒരു വര്‍ഷത്തേക്കാണ്. പോയ സീസണില്‍ 13 മത്സരങ്ങളില്‍ സിഡോ ഒരു ഗോള്‍ നേടി. 3 അസിസ്റ്റുമുണ്ട്.
എല്‍കോ ഷാറ്റോരിയുമായി വഴിപിരിഞ്ഞ വാര്‍ത്ത ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് പുറത്ത് വിട്ടത് ടീമിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായി ലിത്വാനിയക്കാരന്‍ കരോളിസ് സ്‌കിന്‍കിസിനെ നിയമിക്കാനുള്ള നീക്കത്തോടെ നിലവിലെ ഷാട്ടോരി പുറത്താകുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു. ഏറെ പ്രതീക്ഷകളോടെ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍നിന്നും ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിലെത്തിച്ച ഷാട്ടോരിക്ക്, ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ബ്ലാസ്റ്റേഴ്‌സിനുള്ളിലെ ഷട്ടോരിയുടെ ഭാവി ഏറെക്കുറെ തുലാസില്‍ ആയിരുന്നു.