ബ്ലാസ്‌റ്റേഴ്‌സും ആരാധകരും ഹൃദയത്തിലുണ്ട്, ജീവനുളള കാലത്തോളം മറക്കില്ല; ആരോണ്‍ ഹ്യൂസ്

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിച്ച കാലം ഓര്‍ത്തെടുത്ത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ആരോണ്‍ ഹ്യൂസ്. ജീവിച്ചിരിക്കുന്ന കാലത്തോളം ബ്ലാസ്‌റ്റേഴ്‌സിനേയും ആരാധകരേയും മറയ്ക്കില്ലെന്ന് ഹ്യൂസ് പറയുന്നു. ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹ്മദുമായി നടത്തിയ ഇസ്റ്റഗ്രാം ലൈവിലാണ് ആരോണ്‍ ഹ്യൂസ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയിലേക്ക് വരുമ്പോള്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കുറിച്ച് കേട്ടിരുന്നു. ആദ്യ ഹോം മത്സരത്തിലാണ് ആരാധകരുടെ ശക്തി ശരിക്ക് തിരിച്ചറിഞ്ഞത്. ലോകത്ത് എവിടെയും ലഭിക്കാത്ത അനുഭവമായിരുന്നു എന്നും ഹ്യൂസ് പറഞ്ഞു.

‘ഒന്നും പ്രതീക്ഷിക്കാതെയാണ് ഇന്ത്യയിലേക്ക് വന്നതും ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടതും. ഇവിടത്തെ കാര്യങ്ങളെ കുറിച്ച് ഒന്നും എനിക്ക് അറിയില്ലായിരുന്നു. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മുന്‍പ് കളിച്ച പീറ്റര്‍ രാമേജിനോടു ഞാന്‍ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ക്ലബ്ബിനെ കുറിച്ച് ഒരു നല്ല ധാരണ തരാന്‍ അദ്ദേഹത്തിനായി. ക്ലബ്ബിന്റെ ആരാധകരുടെ മികച്ച പിന്തുണയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. അതോടെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കാനുള്ള അവസരത്തിന് വേണ്ടി കാത്തിരുന്നു’ ഹ്യൂസ് വാചലനായി.

താന്‍ ഇന്ത്യയെ കുറിച്ച് ആര് ചോദിക്കുമ്പോഴും കേരള ബ്ലാസ്റ്റേഴ്‌സിലെ തന്റെ മനോഹരമായ അനുഭവം പങ്കുവെക്കാറുണ്ട് എന്നും ഹ്യൂസ് പറഞ്ഞു.

‘എന്റെ ആദ്യ ഹോം മത്സരം തന്നെ എനിക്ക് മികച്ച അനുഭവമായിരുന്നു. സ്റ്റേഡിയം ആര്‍ത്തിരമ്പി. ഫുട്‌ബോള്‍ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ കേരളം കഴിഞ്ഞേ ഇന്ത്യയില്‍ മറ്റൊരു സ്ഥലമുളളു. ഇന്ത്യയെ കുറിച്ചുള്ള അനുഭവത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഞാന്‍ അത് പറയാറുമുണ്ട്’ ഹ്യൂസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ തന്നെ ഇപ്പോഴും ഓര്‍ക്കുന്നതില്‍ സന്തോഷമെന്ന് പറഞ്ഞ ഹ്യൂസ് ബ്ലാസ്റ്റേഴ്‌സിലെ സഹതാരങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നതായും കൂട്ടിചേര്‍ത്തു. ‘ഞങ്ങള്‍ തമ്മില്‍ വെറും ഫുട്‌ബോള്‍ കളി മാത്രം ആയിരുന്നില്ല, എല്ലാവരും ഒരു ഫാമിലി പോലെ ആയിരുന്നു. ‘ ഹ്യൂഗ്‌സ് വിലയിരുത്തുന്നു.

‘പലപ്പോഴും ഞാന്‍ നിങ്ങളെയെല്ലാം ആശ്രയിച്ചു. പരിചയ സമ്പന്നരായ നിങ്ങളും (ഇഷ്ഫാഖ് ) , ഹെങ്ബര്‍ട്ടും, ഗ്രഹാം സ്റ്റാക്കും എല്ലാം പലപ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്. ആ സീസണില്‍(2016) ഫൈനലില്‍ എത്തിയിരുന്നെങ്കിലും, പല പ്രശ്‌നങ്ങളും നമ്മള്‍ നേരിട്ടിരുന്നു. എന്നാല്‍ അതിനെ കളിക്കളത്തില്‍ ബാധിക്കാതിരിക്കാന്‍ നമ്മള്‍ക്ക് സാധിച്ചു.’ ഹ്യൂസ് പറഞ്ഞ് നിര്‍ത്തി.

You Might Also Like