ജിങ്കനായി കേട്ടുകേള്‍വിയില്ലാത്ത ഓഫറുകള്‍ വാഗ്ദാനം ചെയ്ത് 5 ക്ലബുകള്‍
കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ നായകനും ഇന്ത്യന്‍ താരവുമായി സന്ദേഷ് ജിങ്കനെ സ്വന്തമാക്കാന്‍ അഞ്ച് ക്ലബുകളാണ് കച്ചമുറുക്കി രംഗത്തുളളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യത്യസ്തവും അവിശ്വസനീയവുമായ ഓഫറുകളാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിരോധ താരത്തിന് ക്ലബുകള്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ജിങ്കന്‍ കൈകൊണ്ടിട്ടില്ല. തന്നെ മികച്ച രീതിയില്‍ പരിശീലിപ്പിക്കാന്‍ സാധിക്കുന്ന പരിശീലകനുളള ടീമിനെയാകും താന്‍ തിരഞ്ഞെടുക്കുക എന്നാണ് ജിങ്കന്‍ പറയുന്നത്.
‘നിലവില്‍ 27 വയസ് മാത്രമാണ് എനിക്കുള്ളത്. കരിയറിലെ എന്റെ ഏറ്റവും മികച്ച സമയം വരാനിരിക്കുന്നതേയുള്ളൂ. കരിയറിലെ ഈ സമയത്ത് , എന്നെ കൂടുതല്‍ മികച്ചതാക്കാന്‍ കഴിയുന്ന പരിശീലകനുള്ള ഇടത്തേക്ക് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ ജിങ്കന്‍ പറയുന്നു.
എടികെ മോഹന്‍ ബഗാന്‍, എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി, ബംഗളൂരു എഫ് സി, ഒഡീഷ എഫ് സി എന്നീ ക്ലബുകളാണ് നിലവില്‍ ജിങ്കന് പിന്നാലെയുളളത്.
ഇതില്‍ ഒരു ക്ലബ് ബ്ലാങ്ക് ചെക്കുമായി താരത്തിന്റെ സമ്മതിത്തിനായി കാത്തിരിക്കുകയാണ്. മറ്റൊരു ക്ലബ്ബാകട്ടെ തങ്ങളുടെ അംബാസഡറാക്കാമെന്ന വാഗ്ദാനമാണ് ജിങ്കന് നല്‍കിയിരിക്കുന്നത്. മൂന്നാം ക്ലബ്ബ് ജിങ്കന് വിദേശത്ത് കളിക്കാനളള സ്വപ്‌നം യാഥാര്‍ത്യമാക്കുമെന്ന് ഉറപ്പ് കൊടുത്തിരിക്കുന്നു. നാലാം ക്ലബ്ബ് ആകട്ടെ പ്രൊഫഷണലിസത്തിന്റെ ബൈബിളില്‍ വിശ്വസിക്കുന്നവരും, അഞ്ചാം ക്ലബ്ബ് ഇത് വരെ അദ്ദേഹം കാണാത്ത കളിയുടെ വശങ്ങള്‍ കാണിക്കാമെന്നുമാണ് വാഗ്ദാനം ചെയ്യുന്നതത്രെ.
ഏതായാലും ജിങ്കന്റെ ട്രാന്‍സ്ഫര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാകും തുടക്കം കുറിയ്ക്കുക.