മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജനത്തേക്കാള്‍ ഭയാനകമെന്ന് തെളിച്ച് ലൊബേര
കഴിഞ്ഞ ഐഎസ്എല്‍ സീണില്‍ സെര്‍ജിയോ ലൊബേരയെന്ന തങ്ങളുടെ പരിശീലകനെ ലീഗ് അവസാനിക്കാന്‍ മൂന്ന് മത്സരം മാത്രം അവശേഷിക്കെ അപമാനിച്ച് ഇറക്കിവിട്ടത് ഇത്ര തിരിച്ചടിയാകുമെന്ന് എഫ്‌സി ഗോവ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജനത്തേക്കാള്‍ ഭയാനകമായിരുന്നു എന്ന സിനിമ ഡയലോഗ് പോലെ എഫ്‌സി ഗോവയുടെ അടിത്തട്ട് ഇളക്കിയെടുത്താണ് അടുത്ത സീസണില്‍ ലൊബേര കണക്കു തീര്‍ത്തത്.
സാക്ഷാല്‍ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സിയുടെ പരിശീലകനായി ഏഴാം സീസണില്‍ അവതരിച്ച ചാമ്പ്യന്‍ കോച്ച് ഗോവയുടെ അടിത്തറ ഓരോന്നായി ഇളക്കിയെടുക്കുകയായിരുന്നു. ഗോവയില്‍ നിന്ന് മുര്‍ത്തദ്ദ ഫാളില്‍ തുടങ്ങിയ കൂറുമാറ്റം ഇപ്പോള്‍ ഹ്യൂഗോ ബൗമസില്‍ എത്തി നില്‍ക്കുകയാണ്.
മുര്‍ത്തദ്ദ പിന്നാലെ നായകന്‍ മന്ദര്‍ റാവു ദേശായിയേയും അഹ്മദ് ജാഹുവിനേയും മുംബൈ സിറ്റി എഫ്‌സി ഗോവയില്‍ നിന്ന് റാഞ്ചി. ഏറ്റവും ഒടുവില്‍ ഐസ്എല്ലില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവും മികച്ച താരമായ ഹ്യൂഗോ ബൗമസിനെ ഒന്നരകോടിയിലധികം വരുന്ന തുക ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് ഗോവയില്‍ നിന്ന് മുംബൈ സ്വന്തമാക്കിയത്. ബൗമസിനെ മുംബൈ സ്വന്തമാക്കിയ രീതിയും ഗോവയെ അങ്ങേയറ്റം അപമാനിക്കുന്ന വിധമായിരുന്നു.
ക്ലബ് അറിയാതെ തന്നെ താന്‍ ഗോവ വിട്ടതായി ബൗമസ് പ്രഖ്യാപിച്ചതോടെയാണ് ഫുട്‌ബോള്‍ ലോകം 25കാരന്‍ എഫ്‌സി ഗോവ വിടുന്നതായി അറിയുന്നത് തന്നെ. പിന്നാലെ രംഗപ്രവേശനം ചെയ്ത മുംബൈ സിറ്റി എഫ്‌സി ഗോവയ്ക്ക് ട്രാന്‍സ്ഫര്‍ ഫീ എറിഞ്ഞ നല്‍കി അനായാസം ഗോവന്‍ നെടുന്തൂണിനെ സ്വന്തമാക്കുകയാിരുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ട്രാന്‍സ്ഫറില്‍ ഒരു ക്ലബിന് ട്രാന്‍സ്ഫര്‍ തുകയായി ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്.
കഴിഞ്ഞ സീസണില്‍ എഫ് സി ഗോവയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ബൗമസ്. ഐ എസ് എല്ലിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായും ബൗമസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയ്ക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ പതിനൊന്ന് ഗോളുകളും 10 അസിസ്റ്റുമാണ് ബൗമസ് സ്വനതമാക്കിയത്. ഗോവയെ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കാനും അതിലൂടെ എ എഫ് സി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുക്കാനും ബൗമസിനായിരുന്നു.
അവസാന മൂന്ന് സീസണായി ഗോവയ്ക്ക് ഒപ്പമുള്ള താരം 42 മത്സരങ്ങള്‍ ഐ എസ് എല്ലില്‍ കളിച്ചു. ലീഗില്‍ 16 ഗോളുകള്‍ നേടാനും 17 ഗോളുകള്‍ ഒരുക്കാനും ബൗമസിനായിട്ടുണ്ട്.