ലാലിഗയില്‍ കളിച്ച ആദ്യ ഇന്ത്യയ്ക്കാരനെ റാഞ്ചി ഐഎസ്എല്‍ ക്ലബ്, തകര്‍പ്പന്‍ നീക്കം

Image 3
FootballISL

ലാലിഗയില്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ ഇഷാന്‍ പണ്ഡിതയെ സ്വന്തമാക്കി എഫ്‌സി ഗോവ. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇഷാനും എഫ്‌സി ഗോവയുമായി കരാര്‍ ധാരണയായതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ എഫ്‌സി ഗോവ സൈന്‍ ചെയ്ത ആറില്‍ അഞ്ച് പേരും സ്‌പെയിനില്‍ നിന്നായിരുന്നു. ഇതിന് പിന്നാലെയാണ് ഏറെ നാള്‍ സ്‌പെയിനില്‍ കളിച്ച മറ്റൊരു താരം കൂടി ഗോവയിലെത്തുന്നത്. ഗോവയുടെ പുതിയ പരിശീലകന്‍ ജുവാന്‍ ഫെറാണ്ടോയും സ്‌പെയിനില്‍ നിന്നുളളയാളാണ്. സ്പാനിഷ് താരങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് ഫെറാണ്ടോ ടീം കെട്ടിപ്പടുക്കുന്നത്.

ഇഷാനായി നേരത്തെ മൂന്നോളം ഐഎസ്എള്‍ ക്ലബുകള്‍ രംഗത്ത് ഉണ്ടായിരുന്നെങ്കിലും സ്പാനിഷ് സ്വാധീനമുളള ടീം തിരഞ്ഞെടുക്കാന്‍ 22കാരന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ സ്പാനിഷ് സെഗുണ്ട ബി ക്ലബ് റേസി മുര്‍സിയ എഫ്‌സിയിലാണ് ഇഷാന്‍ കളിക്കുന്നത്. മറ്റൊരു സ്പാനിഷ് ലാലിഗ ക്ലബ് ലോര്‍സ എഫ്‌സിയില്‍ നിന്നാണ് ബംഗളൂരു സ്വദേശിയായ ഇഷാന്‍ രണ്ട് മാസം മുമ്പ് റേസി മുര്‍സിയയിലേക്ക് കൂറുമാറിയത്.

നേരത്തെ ഈസ്റ്റ് ബംഗാളിലേക്ക് വരാന്‍ ഇഷാന്‍ തയ്യാറെടുത്തങ്കിലും ക്ലബിന്റെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്തം കാരണം സ്‌പെയിനില്‍ തന്നെ തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയ്ക്ക് പകരക്കാരന്‍ എന്ന് വിലയിരുത്തപ്പെടുന്ന ഈ സ്‌ട്രൈക്കര്‍ കരിയറില്‍ മുഴുവന്‍ പന്ത് തട്ടിയതും സ്പാനിഷ് ക്ലബുകളിലായി.

മൂന്നു വര്‍ഷം ഇന്റര്‍ സോക്കര്‍ മാഡ്രിഡ് ഫുട്‌ബോള്‍ അക്കാദമി ഉള്‍പ്പടെ സ്‌പെയിനിലെ വിവിധ ക്ലബുകളുടെ യുവ ടീമുകളില്‍ പരിശീലനം നടത്തിയ താരമാണ് 22കാരനായ ഇഷാന്‍. 2015ല്‍ സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബായ യു ഡി അല്‍മീരയില്‍ എത്തിയതോടെയായിരുന്നു ഈ ഇന്ത്യന്‍ താരം ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ നേടിയത്.

യു ഡി അല്‍മീരയില്‍ നിന്ന് മുന്‍ സ്പാനിഷ് ഒന്നാം ഡിവിഷന്‍ ക്ലബായ ഗെറ്റാഫയിലും ഇഷാന്‍ കളിച്ചിരുന്നു. ലാലിഗയില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഈ 22കാരന്‍ ഇതോടെ സ്വന്തമാക്കിയിരുന്നു.