ഐഎം വിജയന് പത്മശ്രീ ശിപാര്‍ശ, ചരിത്രനേട്ടം

ഇന്ത്യന്‍ ഫുട്ബാളിലെ ഇതിഹാസ താരം ഐ.എം വിജയന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ ശിപാര്‍ശ. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആണ് വിജയനെ പത്മശ്രീയ്ക്ക് ശിപാര്‍ശ ചെയ്തത്. 2003-ല്‍ കായിക താരങ്ങള്‍ക്കു ലഭിക്കുന്ന പരമോന്നത ബഹുമതിയായ അര്‍ജുന അവാര്‍ഡ് വിജയന് ലഭിച്ചിരുന്നു.
തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഫുട്ബാള്‍ മത്സരങ്ങള്‍ക്കിടയില്‍ സോഡ വിറ്റു നടന്നിരുന്ന വിജയന്‍ കഠിനാധ്വാനവും നിശ്ചയദാഢ്യവും കൊണ്ടാണ് ഇന്ത്യന്‍ ഫുട്ബാളിന്റെ ഓരോ പടവുകളും കയറിയത്. 17ാം വയസില്‍ കേരള പൊലീസിലൂടെയായിരുന്നു കരിയറിന്റെ തുടക്കം. 1989ല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറി.
1993, 1997, 1999 വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനായി മാറിയതും മറ്റാരുമായിരുന്നില്ല. 2000 മുതല്‍ 2004 വരെ ഇന്ത്യന്‍ ടീമിനെ നയിച്ച വിജയന്‍ ബൂട്ടിയക്കൊപ്പം അവിസ്മരണീയ നേട്ടങ്ങളുണ്ടാക്കി. 79 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 40 ഗോളുകള്‍ നേടിയാണ് മലയാളികളുടെ പ്രിയതാരം ബൂട്ടഴിച്ചത്.
അരങ്ങേറിയ വര്‍ഷമുള്‍പ്പടെ 1992,1997, 2000 എന്നീ വര്‍ഷങ്ങളില്‍ ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ മികച്ച താരമായിരുന്നു വിജയന്‍. സാഫ് ഗെയിംസില്‍ 12-ാം സെക്കന്‍ഡില്‍ ഭൂട്ടാന്റെ ഗോള്‍ വല തുളച്ച് രാജ്യാന്തര ഫുട്‌ബോളിലെ വേഗമേറിയ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയിലും ഐഎം വിജയന് ഇടം നേടാനായി.
1999ലെ ദക്ഷിണേന്ത്യന്‍ ഗെയിംസില്‍ പാക്കിസ്ഥാനെതിരെ ഹാട്രിക്കടിച്ചും വിജയന്‍ ശ്രദ്ധപിടിച്ചുപറ്റി. 2003 ല്‍ ഇന്ത്യയില്‍ വച്ചുനടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ നാല് ഗോളുകളോടെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയി. 1999-ല്‍ മികച്ച ഫോര്‍മിലായിരുന്ന വിജയന്‍ ഇന്ത്യക്കായി 13 മത്സരങ്ങളില്‍ നിന്നും 10 ഗോളുകള്‍ നേടി. ഇന്ത്യക്കായി 11 വര്‍ഷമാണ് അദ്ദേഹം ജേഴ്‌സിയണിഞ്ഞത്. ഒരു കാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമായതും പില്‍ക്കാലത്തു ഇന്ത്യന്‍ പെലെ എന്ന വിശേഷണം ലഭിക്കാനായതും തൃശ്ശൂര്‍ക്കാരന്‍ ഐഎം വിജയന്റെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൊണ്ട് മാത്രമാണ്.
2006 ലാണ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും അദ്ദേഹം വിരമിച്ചത്. ഫുട്‌ബോളിനോപ്പം സിനിമാലോകത്തും വിജയന്‍ ശ്രദ്ധേയനായിട്ടുണ്ട്. 2001ല്‍ മലയാളചിത്രമായ ശാന്തത്തിലൂടെയാണ് ചലച്ചിത്ര ലോകത്തെ പ്രവേശനം. മലയാളത്തിലും തമിഴിലുമടക്കം 20 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിജയന്റെ ഫുട്‌ബോള്‍ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രമാണ് കാലാഹിരണ്‍.
ബൂട്ടഴിച്ച ശേഷം പുതിയ താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ സ്വന്തം നാട്ടില്‍ അക്കാദമി സ്ഥാപിച്ചിട്ടുണ്ട് വിജയന്‍. മോഹന്‍ ബഗാന്‍, കേരള പൊലീസ്, എഫ്.സി കൊച്ചിന്‍. ജെ.സി.ടി ഫഗ്വാര എന്നിവയായിരുന്നു സുപ്രധാന ക്ലബുകള്‍.