മെസിയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ ബാഴ്സ ഒഴിവാക്കി
മെസിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി കണക്കാക്കപ്പെടുന്ന പിഎസ്ജിക്കെതിരായ മത്സരവിജയം ആഘോഷിക്കുന്ന ഫോട്ടോ പകർത്തിയ ഫോട്ടോഗ്രാഫറെ ബാഴ്സ ഒഴിവാക്കി. സാന്റിയാഗോ ഗാർസസ് എന്ന ഫോട്ടോഗ്രാഫർക്ക് ബാഴ്സയുടെ ചിത്രങ്ങൾ പകർത്താൻ അനുവാദം നൽകുന്ന കരാർ പുതുക്കി നൽകില്ലെന്ന് ക്ലബ് തീരുമാനിച്ചതായി എൽ പിരിയോഡിക്ക ആണ് റിപ്പോർട്ടു ചെയ്തത്.
ബാഴ്സ ചരിത്രവിജയം സ്വന്തമാക്കിയ 2017ലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ മെസിയുടെ ആഹ്ലാദ പ്രകടനമാണ് വിഖ്യാത ചിത്രം ഗാർസസിനു നൽകിയത്. ബാഴ്സ പിഎസ്ജിക്കെതിരെ 6-1നു വിജയിച്ച മത്സരത്തിൽ അവസാന ഗോൾ സെർജി റോബർട്ടോ നേടിയപ്പോൾ ആരാധകർക്കിടയിലേക്ക് ഓടിക്കയറി വിജയം ആഘോഷിച്ച മെസിയുടെ ചിത്രമാണ് പിന്നീട് ചരിത്രത്തിൽ ഇടം പിടിച്ചത്.
https://twitter.com/KashmirFtb/status/1286919485195038720?s=19
മറ്റെല്ലാ താരങ്ങളും അന്ന് ഒരുമിച്ചു ഗോളാഘോഷം നടത്തിയപ്പോൾ മെസി മാത്രം ആരാധകർക്കിടയിലേക്കാണ് ഓടിയെത്തിയത്. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ തിരിച്ചു വരവിനാണ് അന്നു ക്യാമ്പ് നൂ സാക്ഷ്യം വഹിച്ചത്. ആദ്യ പാദത്തിൽ നാലു ഗോളിനു തോറ്റ ബാഴ്സ ഈ വിജയത്തോടെ ക്വാർട്ടറിലേക്കു പ്രവേശിച്ചിരുന്നു.
മെസിയുടെ ഏറ്റവും മികച്ച ഫുട്ബോൾ ചിത്രമായി ഇതിനെ പലരും വാഴ്ത്തുന്നതിൽ സന്തോഷമുണ്ടെന്നും പെലെ, മറഡോണ എന്നീ താരങ്ങളുടെ ഐതിഹാസിക ചിത്രത്തിനൊപ്പം ഇതിനെ കരുതുന്നതിൽ സന്തോഷമുണ്ടെന്നുമാണ് തന്റെ ചിത്രത്തെക്കുറിച്ച് ഗാർസസസ് പ്രതികരിച്ചത്.