BREAKING: കൊച്ചിയില്‍ മറ്റൊരു ഭൗത്യത്തിനൊരുങ്ങി ഇയാന്‍ ഹ്യം

ഉദ്ഘാടന സീസണിലെ ഹീറോ ഓഫ് ദി ലീഗ്, 2016 ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാമ്പ്യന്‍, രണ്ടുതവണ ഫൈനലിസ്റ്റ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സര ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാള്‍, അങ്ങനെ എണ്ണമറ്റ വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് കേരളബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരം ഇയാന്‍ ഹ്യൂം. ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ അഞ്ച് സീസണുകളിലാണ് ഇയാന്‍ ഹ്യൂം ഭാഗമായിരുന്നത്.

രണ്ട് സീസണുകളില്‍ വീതം എടികെ എഫ്സിയോടൊപ്പവും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയോടൊപ്പവും ഒരു സീസണില്‍ എഫ്സി പൂണെ സിറ്റിയോടൊപ്പവും കളത്തിലിറങ്ങിയ കനേഡിയന്‍ ഇന്റര്‍നാഷണല്‍ 2019-20 സീസണില്‍ ലീഗ് മത്സരങ്ങളുടെ വിലയിരുത്തല്‍ ചര്‍ച്ചകളുമായി ടെലിവിഷന്‍ സ്‌ക്രീനിലും സജീവമായിരുന്നു.

ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് ഇയാന്‍ ഹ്യൂമിനെ കുറിച്ച് പുറത്ത് വരുന്നത്. കനേഡിയന്‍ താരം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ സ്‌പോട്‌സ് അക്കാദമി തുടങ്ങുന്നു എന്നതാണ് അത്. മികച്ച യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് ഇയാന്‍ ഹ്യൂം കൊച്ചിയിലടക്കം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ സ്‌പോട്‌സ് അക്കാദമി തുടങ്ങുന്നത്. ഇതിനുളള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് ലഭ്യമാകുന്ന വിവരം.

ഐഎസ്എല്‍ ഉദ്ഘാടനസീസണ്‍ മുതല്‍ ഒരു കളിക്കാരനെന്ന നിലയിലും, ശേഷം ലീഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരുന്ന വ്യക്തിയെന്ന നിലയിലും, ഇയാന്‍ ഹ്യൂമിന് ഇന്ത്യന്‍ സാഹചര്യം ശരിക്കും മനസ്സിലാക്കാനായിട്ടുണ്ട്. ഇത് പ്രയോജപ്പെടുത്തി തന്റെ അനുഭവ സമ്പത്തും കോര്‍ത്തിണക്കിയാകും ഹ്യൂം അക്കാദമിയ്ക്ക് നേതൃത്വം നല്‍കുക. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നേയുളളു.

You Might Also Like