ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് മാപ്പ് ചോദിച്ച് കിബു വികൂന

ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിയ്‌ക്കെതിരായ മത്സരത്തില്‍ ദയനീയ പ്രകടനം കാഴ്ച്ചവെച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ മാപ്പ് ചോദിച്ച് കിബു വികൂന. തങ്ങള്‍ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് കിബു വികൂന തുറന്ന് സമ്മതിച്ചു.

‘എല്ലാ ആരാധകരോടും ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഒരു മികച്ച പ്രകടനം കാഴ്ചവച്ചില്ല. ധാരാളം പിഴവുകള്‍ സംഭവിച്ചു. ഇതായിരുന്നില്ല ഞങ്ങള്‍ കാണാന്‍ ആഗ്രഹിച്ചത്. എനിക്കതില്‍ ഖേദമുണ്ട്.’ കിബു വികുന പറഞ്ഞു.

മത്സരത്തിലുടനീളം തങ്ങളുടെ ടീം തന്ത്രപരമായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്നും എന്നാല്‍ ടീം മെച്ചപ്പെടുമെന്ന് പ്രത്യാശയുള്ളതായും വികുന പറഞ്ഞു. ജംഷദ്പൂര്‍ എഫ്സിക്കെതിരെ ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തിലാണ് തങ്ങളുടെ ശ്രദ്ധ എന്നും അദ്ദേഹം പരാമര്‍ശിച്ചു.

‘എല്ലാം തെറ്റായിരുന്നു. കാരണം തന്ത്രപരമായ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ഫലങ്ങളും അത്തരത്തില്‍ സംഭവിക്കുന്നു. ഞങ്ങള്‍ക്ക് ഞായറാഴ്ചയും കളിയുണ്ട്. ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അടുത്ത കളിയില്‍ ഞങ്ങള്‍ കേരളാ ബ്ലാസ്റ്റേഴ്സ് ആണെന്ന് തെളിയിക്കും. മൂന്നു പോയിന്റുകള്‍ നേടനായി ഞങ്ങളുടെ മുഴുവന്‍ ഊര്‍ജ്ജവും വിനയോഗിക്കും.’ അദ്ദേഹം പറഞ്ഞു.

”നിങ്ങള്‍ നാല് ഗോളുകള്‍ വഴങ്ങുമ്പോള്‍ മൂന്നു പോയിന്റുകള്‍ നേടുന്നത് അസാധ്യമാണ്. ഇന്ന് ഞങ്ങള്‍ മത്സരം വിശകലനം ചെയ്യും, പക്ഷേ ഞങ്ങള്‍ക്ക് ഇത് ഒരു ദുഷ്‌കരമായ രാത്രിയാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് കളിക്കാന്‍ തയ്യാറല്ലാത്ത കളിക്കാര്‍ ഉണ്ട്. കോസ്റ്റക്ക് പ്രശ്‌നമുണ്ടായിരുന്നു. അവസാന പരിശീലനത്തില്‍ സംഭവിച്ച പരിക്ക് കൂടുതല്‍ വഷളായതിനാല്‍ അദ്ദേഹത്തിന് ഇന്ന് കളിക്കാന്‍ കഴിഞ്ഞില്ല. പരിക്കിനെത്തുടര്‍ന്ന് സുഖം പ്രാപിക്കുകയാണ് അദ്ദേഹം’ അദ്ദേഹം പറഞ്ഞു.

‘ഫുട്‌ബോളില്‍, ഞങ്ങള്‍ മുന്നോട്ട് പോയെ മതിയാകു. ഈ ടീമിന് മികച്ച രീതിയില്‍ കളിക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചില മത്സരങ്ങളില്‍ അത് ഞങ്ങള്‍ കാണിച്ചു. തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ കരകയറണം. കളിയുടെ എല്ലാ വശങ്ങളിലും ഞങ്ങള്‍ നന്നായി കളിക്കണം.’ വികൂന പറയുന്നു.

മത്സരത്തില്‍ ഒഡിഷ എഫ്സിയോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ ഡിയഗോ മൗറീസിയോയാണ് ഒഡിഷയെ വിജയത്തിലേക്കു നയിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത്. ഡിയഗോ മൗറീസിയോക്കൊപ്പം സ്റ്റീഫന്‍ ടെയ്‌ലറാണ് ഒഡിഷക്കായി മറ്റൊരു ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്‌സ് താരം ജീക്‌സണ്‍ സിങ്ങിന്റെ സെല്‍ഫ് ഗോളും ഒഡിഷയുടെ വിജത്തിന് കരുത്തേകി. ജോര്‍ദാന്‍ മറെയും ഗാരി ഹൂപ്പറുമായിരുന്നു ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. സീസണിലെ ഒഡിഷ എഫ്സിയുടെ ആദ്യ വിജയമാണിത്.

You Might Also Like