അഞ്ച് ഇന്ത്യന്‍ ടീമുകള്‍ ഒത്തുകളിയ്ക്കുന്നു, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

മുംബൈ: ഐ ലീഗ് ഫുട്ബോളില്‍ ഒത്തുകളി വിവാദമുയരുന്നു. അഞ്ച് ക്ലബുകള്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തും. രാജ്യാന്ത ഒത്തുകളി ഏജന്റ് വിത്സണ്‍രാജ് പെരുമാള്‍ ക്ലബുകള്‍ക്ക് പണം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, അന്വേഷണം സംഘത്തോട് സഹകരിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ അഞ്ച് ടീമുകള്‍ ഏതൊക്കെയാണെന്ന് സിബിഐ പുറത്തുവിട്ടിട്ടില്ല.

വലിയ തുകയ്ക്കാണ് മാച്ച് ഫിക്‌സിംഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏത് സീസണിലാണ് ഒത്തുകളി നടന്നതെന്ന കാര്യത്തിലും വ്യക്തത നല്‍കാന്‍ സി.ബി. ഐ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫീസിലെത്തിയ സിബിഐ ഉദ്യേഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. 1995ല്‍ ഫിക്സിംഗിനെ തുടര്‍ന്ന് സിംഗപൂരില്‍ ജയില്‍ ശിക്ഷ നേരിട്ട വില്‍സണ്‍ രാജ് പെരുമാളിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സിംഗപൂരില്‍ സ്ഥിരതാമസമാക്കിയ വില്‍സണ് ഫിന്‍ലന്‍ഡ്, ഹംഗറി എന്നിവിടങ്ങളിലും കേസുകളുണ്ടായിരുന്നു. എല്ലാ കായിക മേഖലകളിലും ഫിക്സിംഗിന് ശ്രമിച്ചയാളാണ് വില്‍സണ്‍. ഒളിംപിക്സ്, ലോകകപ്പ് യോഗ്യത മത്സരങ്ങള്‍, വനിതാ ലോകകപ്പ്, കോണ്‍കകാഫ് ഗോള്‍ഡ് കപ്പ്, ആഫ്രിക്കന്‍ കപ്പ് ഇവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

ഒത്തുകളിക്ക് കൂട്ടുനിന്ന ടീമുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ വ്യക്തമാക്കി. എഐഎഫ്എഫിന്റെ ടീമായ ഇന്ത്യന്‍ ആരോസ് അഞ്ച് ടീമുകളില്‍ ഒന്നാണെന്നാണ് വിവരം. എന്നാല്‍ ടീം ഇത്തവണ ഐ ലീഗില്‍ പങ്കെടുക്കുന്നില്ല.

എഐഎഫ്എഫ് യുവ താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവുമായി ആരംഭിച്ച ടീമാണ് ഇന്ത്യന്‍ ആരോസ്. ഒഡീഷ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ വിദേശ താരങ്ങളൊന്നും കളിച്ചിരുന്നില്ല.
കോവിഡ് സാഹചര്യമായതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഐലീഗ് മത്സരങ്ങള്‍ നടന്നത് ഗോവയിലാണ്. കനത്ത സുരക്ഷയില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.

നവംബര്‍ 12നാണ് ഐ ലീഗ് മത്സരങ്ങള്‍ ആരംഭിച്ചത്. രണ്ട് റൗണ്ട് മത്സരങ്ങളാണ് ഇരുവരെ പൂര്‍ത്തിയായത്. റിയല്‍ കശ്മീരാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്സി രണ്ടാമതാണ്.

 

You Might Also Like