കേരള ബ്ലാസ്റ്റേഴ്‌സ് പോലെ ഐപിഎല്ലിൽ കേരളത്തിനൊരു ടീം വേണം, ഇതിഹാസതാരം മുത്തയ്യ മുരളീധരൻ പറയുന്നു

കേരളത്തിൽ ക്രിക്കറ്റിനേക്കാൾ പിന്തുണയും ജനപ്രീതിയും ഫുട്ബോളിനുണ്ടെന്നും ക്രിക്കറ്റിനെ വളർത്താനുള്ള പദ്ധതികൾ കൃത്യമായി നടപ്പിലാക്കണമെന്നും ഇതിഹാസ സ്‌പിന്നർ മുത്തയ്യ മുരളീധരൻ. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ താരം തൃപ്പൂണിത്തുറയിലെ പാലസ് ഓവൽ ഗ്രൗണ്ടിൽ സന്ദർശനം നടത്തിയതിനു ശേഷം സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“കേരളത്തിൽ ഫുട്ബോളാണ് കൂടുതൽ പോപ്പുലറായത്. ഞാൻ കൊച്ചി ടസ്‌കേഴ്‌സിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഇപ്പോഴത്തെ ഐഎസ്എൽ ടീമിന് ലഭിക്കുന്നത് പോലെയൊരു ആവേശകരമായ പിന്തുണ ഞങ്ങൾക്ക് ഗ്യാലറിയിൽ നിന്നും ലഭിച്ചിരുന്നില്ല. തൃപ്പുണിത്തുറ ക്രിക്കറ്റ് ക്ലബ് മുന്നോട്ടു വന്ന് കേരളത്തിൽ ക്രിക്കറ്റിന് വളർച്ചയുണ്ടാക്കാൻ എല്ലാ രീതിയിലുള്ള ശ്രമവും നടത്തണം.” മുത്തയ്യ മുരളീധരൻ പറഞ്ഞു.

“കൊച്ചി ടസ്‌കേഴ്‌സ് കേരളത്തിൽ കളിച്ചത് ഒരു വർഷം മാത്രമാണ്, കേരളത്തെ സംബന്ധിച്ച് വളരെ ദൗർഭാഗ്യകരമായ ഒന്നായിരുന്നു അത്. കേരളത്തിന് ഒരു ഐപിഎൽ ടീം ഉണ്ടെങ്കിൽ ഇവിടെ നിന്നുള്ള ക്രിക്കറ്റ് താരങ്ങൾക്ക് വളരെയധികം വളർച്ചയുണ്ടാകുമെന്ന കാര്യത്തിൽ സംശയവുമില്ല. അധികാരികളിൽ സമ്മർദ്ദം ചെലുത്തി ഒരു ക്രിക്കറ്റ് ക്ലബ്ബിനെ കൊണ്ടുവരാനുള്ള എല്ലാ ശ്രമവും നടത്തണം.” അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തിൽ ക്രിക്കറ്റിന് വളരെയധികം പിന്തുണയുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കൊച്ചി ടസ്‌കേഴ്‌സ് കളിച്ചിരുന്ന സമയത്ത് ഒരുപാട് ആരാധകർ സ്റ്റേഡിയത്തിൽ എത്തിയിരുന്നെങ്കിലും ഒരു സീസൺ കൊണ്ട് ടീം ഇല്ലാതായതിനാൽ ആരാധകർക്ക് സംഘടിതമായ രൂപത്തിലെത്താൻ കഴിഞ്ഞില്ല. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അതിനുള്ള സമയം ലഭിച്ചിട്ടുണ്ട്.

You Might Also Like