അരങ്ങേറ്റമത്സരത്തിൽ പെനാൽറ്റി പാഴാക്കി, ഇന്റർ മിയാമിയിൽ എതിർതാരങ്ങളോട് കയർത്ത് ഹിഗ്വയ്ൻ

അർജന്റീനയിൽ ഒരുപാട് പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ഗോൺസാലോ ഹിഗ്വയ്ൻ. തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള പരിഹാസങ്ങളെക്കുറിച്ച് മുൻപു വികാരഭരിതനായി ഹിഗ്വയ്ൻ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. എന്നാലിപ്പോൾ മറ്റൊരു പരിഹാസത്തിനു പ്രതികരിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഹിഗ്വയ്ൻ ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമിയിലേക്കു ചേക്കേറിയത് കരിയറിൽ ഒരു പുതിയ തുടക്കം കുറിക്കാനായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ ദയനീയമായ തോൽവിയേറ്റു വാങ്ങാനും എതിർ ടീമിലെ താരങ്ങളിൽ നിന്നും അപമാനം ഏറ്റു വാങ്ങാനുമായിരുന്നു താരത്തിനു വിധിയുണ്ടായത്.
Higuain horribly missed a penalty on his MLS debut 😳
— GOAL (@goal) September 28, 2020
But how's the celebrating in his face? 👎pic.twitter.com/OgNll3940L
ഫിലാഡെൽഫിയ യൂണിയനെതിരായ മത്സരത്തിൽ ഹിഗ്വയ്ൻ മികച്ച തുടക്കം തന്നെയാണ് ഹിഗ്വയ്നിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇരുപതാം മിനുട്ടിൽ താരത്തിന്റെ ബൈസിക്കിൾ കിക്ക് പോസ്റ്റിലടിച്ചു പോയതെല്ലാം അദ്ദേഹത്തിന്റെ പ്രതിഭയെ വിളിച്ചോതുന്നവയായിരുന്നു. അതിനു ശേഷം എതിർ ടീം രണ്ടു ഗോളുകൾ നേടുകയായിരുന്നു. എഴുപത്തിയേഴാം മിനുട്ടിൽ പെനാൽട്ടിയിലൂടെ മിയാമിയെ മത്സരത്തിലേക്കു തിരിച്ചെത്തിക്കാൻ സാധിച്ചെക്കാവുന്ന അവസരം ഹിഗ്വയ്ൻ പാഴാക്കിക്കളയുകയായിരുന്നു.
കിട്ടിയ പെനാൽട്ടി പാഴാക്കിയതിനുശേഷം എതിർ ടീം താരങ്ങളിൽ ചിലർ ഹിഗ്വയ്നെ അപമാനിക്കുകയായിരുന്നു. താരത്തിന്റെ പെനാൽട്ടി നഷ്ടം അവർ ഹിഗ്വയ്നെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് ആഘോഷിച്ചത്. ക്ഷമ നശിച്ച ഹിഗ്വയ്ൻ ഇതിനോടു പ്രതികരിക്കുകയായിരുന്നു. എന്നാൽ ഇത്തരം പ്രതിസന്ധികളെ താരം മറികടക്കുമെന്നും പുതിയ ക്ലബായ ഇന്റർ മിയാമിയെ മികച്ചതാക്കാൻ സഹായിക്കുമെന്നും പരിശീലകൻ പിന്തുണയറിയിച്ചു.