ഹാവെർട്സ് ചെൽസിക്ക് പറ്റിയ താരമല്ല, മുന്നറിയിപ്പുമായി ജർമൻ ഇതിഹാസതാരം

ബുണ്ടസ്‌ലിഗയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ബയെർ ലെവർകുസന്റെ സൂപ്പർതാരം കായ് ഹാവെർട്സിനു പിന്നാലെയാണ് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി. എന്നാൽ ചെൽസിക്കും താരത്തിനും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ജർമൻ ഇതിഹാസം ലുക്കാസ് പെഡോൾസ്കി.ഇംഗ്ലീഷ് മാധ്യമമായ ദി സൺ ആണ് താരത്തിന്റെ അഭിപ്രായം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

യുവതാരം ഹാവെർട്സിന് ചെൽസിയിൽ തിളങ്ങാൻ കഴിയില്ലെന്നാണ് പൊഡോൾസ്കിയുടെ പക്ഷം. പ്രീമിയർ ലീഗിൽ കളിക്കാനാവിശ്യമായ ശാരീരികക്ഷമത താരത്തിന് ഇല്ലെന്നാണ് പെഡോൾസ്കി ചൂണ്ടികാണിക്കുന്നത്. എന്നാൽ ആർബി ലീപ്സിഗിൽ നിന്നും ചെൽസിയിലേക്ക് കൂടുമാറിയ മറ്റൊരു ജർമ്മൻ താരം ടിമോ വെർണർക്ക് മികച്ച പ്രകടനം തുടരാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വളരെയധികം പ്രതിഭയുള്ള താരമാണ് ഹാവെർട്സ്. പന്ത് കൈവശം ലഭിച്ചാൽ വളരെയധികം ക്രിയാത്മകമായി ചിന്തിക്കുന്ന താരം. പക്ഷെ അദ്ദേഹമിപ്പോഴും ചെറുപ്പമാണ്. പ്രീമിയർ ലീഗ് അദ്ദേഹത്തിന് അനുയോജ്യമാവുമോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എന്റെ കാഴ്ച്ചപ്പാടിൽ അദ്ദേഹത്തിന് ഇപ്പോഴും കരുത്തിന്റെയും ശാരീരികക്ഷമതയുടെയും അഭാവമുണ്ട്.”

“പക്ഷെ അദ്ദേഹത്തിന് പ്രീമിയർ ലീഗ് ഇഷ്ടമാണെങ്കിൽ താരത്തിന് അത് രുചിച്ചു നോക്കാം. ഞാനും പ്രീമിയർ ലീഗിൽ കളിച്ചയാളാണ്. ഞാൻ അതിനെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. തീർച്ചയായും ഞാൻ കരുത്തനും നല്ല ഷോട്ടുകൾ തൊടുക്കാൻ പ്രാപ്തനുമായിരുന്നു. തെരുവിൽ നിന്നാണ് ഞാൻ വന്നത്. പ്രീമിയർ ലീഗിലെ ലോങ്ങ്‌ ബോളുകളെയും ശാരീരികമായുള്ള വെല്ലുവിളികളെയും എങ്ങനെ നേരിടണമെന്ന് എനിക്കറിയാമായിരുന്നു ” മുൻ ആഴ്‌സണൽ താരമായ പെഡോൾസ്കി അഭിപ്രായപ്പെട്ടു.

You Might Also Like