ടീവിയിൽ കളി കാണാൻ ഇരുവരും വശീകരിക്കുന്നു, ക്രിസ്ത്യാനോയേയും ഇബ്രാഹിമോവിച്ചിനെയും കുറിച്ച് ഹാളണ്ട്

ടുട്ടോസ്പോർട്ടിന്റെ ഇത്തവണത്തെ ഗോൾഡൻ ബോയ് പുരസ്‌കാരം കരസ്ഥമാക്കിയ യുവപ്രതിഭയാണ് എർലിംഗ് ഹാളണ്ട്. നിലവിൽ പരിക്കു മൂലം പുറത്തിരിക്കുന്ന ഡോർട്മുണ്ട് സൂപ്പർതാരത്തിനു ജനുവരിയിൽ കളിക്കളത്തിലേക്ക് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാളണ്ടിന്റെ അഭാവത്തിൽ അടുത്തിടെ സ്റ്റുട്ട്ഗാർട്ടിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളിന്റെ ഡോർട്മുണ്ടിനു തോൽവിയേറ്റു വാങ്ങേണ്ടി വന്നിരുന്നു.

ആ തോൽവിയോടെ പരിശീലകനായ ലൂസിയൻ ഫാവ്റെയെ ഡോർട്മുണ്ട് പുറത്താക്കുകയും ചെയ്തു. സാൽസ്ബർഗിൽ നിന്നും ഡോർട്മുണ്ടിലേക്ക് ചേക്കേറിയതിനു ശേഷം ബുണ്ടസ് ലിഗയിൽ ഇതുവരെ 23 ഗോളുകൾ നേടാൻ ഹാളണ്ടിനു സാധിച്ചിട്ടുണ്ട്. തന്റെ ഏറ്റവും വലിയ പ്രചോദനം ക്രിസ്ത്യാനോ റൊണാൾഡോയും സ്ലാട്ടൻ ഇബ്രാഹിമോവിച്ചുമാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇന്നലെ ഗോൾഡൻ ബോയ് അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് ടുട്ടോ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രണ്ടു ചാമ്പ്യന്മാർ, രണ്ടു പ്രതിഭാസങ്ങൾ. ഇരുവരെയും എപ്പോഴും ടിവിയിൽ കാണാൻ എന്നെ വശീകരിക്കുന്നതായി തോന്നാറുണ്ട്. അവർ ഇരുവരും ഒരു പാട് താരങ്ങൾ ആരാധിക്കുന്ന പ്രതിബിംബങ്ങളാണ്. ഞാനടക്കം. തുടർച്ചയായി കുറേ വർഷങ്ങൾ ഉയർന്നതലത്തിൽ കളിക്കാൻ നമുക്ക് മാതൃകയാക്കാവുന്ന താരങ്ങളാണവർ. ” ഹാളണ്ട് ചൂണ്ടിക്കാണിച്ചു.

ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്താണെങ്കിലും ഡോർട്മുണ്ടിനൊപ്പം ചാമ്പ്യൻസ്‌ലീഗ് നേടാനുള്ള തന്റെ ആഗ്രഹവും ഹാളണ്ട് പങ്കുവെച്ചു:”ചാമ്പ്യൻസ്‌ലീഗ് നേടുകയെന്നത് തീർച്ചയായും എന്റെ എക്കാലത്തെയും മികച്ച സ്വപ്നമാണ്. പക്ഷെ ബയേൺ മ്യൂണിക്കാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ടീം. ഞങ്ങൾക്ക് അവരെ തോൽപ്പിക്കാൻ ഉയർന്ന തലങ്ങളിലേക്കുയരേണ്ടതുണ്ട്. ഞങ്ങൾ അതിനു ശക്തമായി ശ്രമിക്കും. ഞാനിപ്പോൾ ചിന്തിക്കുന്നത് ഓരോ ദിവസവും മെച്ചപ്പെടാനും നന്നായി പരിശീലിക്കാനും മികച്ചരീതിയിൽ കളിക്കുന്നതിനും മാത്രമാണ്. ”

You Might Also Like