മൊറോക്കോനിരയില്‍ ഹക്കിം സിയെച്ചിന്റെ രണ്ടാംവരവിന്റെ കാരണമിതാണ്

മൊറോക്കോ മധ്യനിരയിലെ കരുത്തനാര പോരാളി ഹക്കിംസിയെച്ച് ഖത്തറിലെത്തിയതിന് പിന്നിലൊരു കഥയുണ്ട്. മുന്‍ പരിശീലകനുമായി ഉടക്കി പിരിഞ്ഞ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് രാജിവെച്ച താരം പിന്നീട് ടീമിലേക്ക് തിരിച്ചെത്തുകയാണുണ്ടായത്. ലോക രണ്ടാംനമ്പര്‍ ടീം ബെല്‍ജിയത്തെ അട്ടിമറിച്ചും പോളണ്ടിനെ സമനിലയില്‍ കുരുക്കിയും ആഫ്രിക്കന്‍ ടീം ലോകകപ്പിലെ കറുത്തകുതിരകളാകാനുള്ള ഒരുക്കത്തിലാണ്.

മികച്ച ക്രോസുകളും ഫ്രീകിക്കുകളുമായി കളംനിറയുന്ന ഹക്കിം സിയെച്ച് മൊറോക്കോ ടീമിലെ കീ താരവുമായി മാറുന്നു. ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ മാന്‍ഓഫ് ദി മാച്ച് ട്രോഫിയേറ്റുവാങ്ങിയതും സിയെച്ചായിരുന്നു.
രണ്ട് മാസം മുന്‍പ് വരെ ലോകകപ്പ് ടീമില്‍ ഈ29കാരന്‍ സ്ഥനംപിടിക്കില്ലെന്നാണ് ഫുട്‌ബോള്‍ ലോകംവിധിയെഴുതിയത്.

മൊറോക്കോ മുന്‍ പരിശീലകന്‍ വഹീദ് ഹലീല്‍ ഹോഡ്‌സിക്കുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മൊറോക്കോ ടീമിന്റെ പ്രകടനത്തില്‍ തൃപ്തിയില്ലായിരുന്ന മാനേജ്‌മെന്റ് കോച്ചിനെ മാറ്റുകയായിരുന്നു. വലീദ് റെഗ്‌റാഗ്വിയെന്ന പുതിയ പരിശീലകന്‍ വന്നതോടെ സിയെച്ചിന്റെ ഭാഗ്യം തെളിഞ്ഞു. വിരമിക്കല്‍തീരുമാനം പുന:പരിശോധിച്ച് ടീമിലെത്തിയ ചെല്‍സി താരം ലോകകപ്പ് സ്‌ക്വാര്‍ഡിലും ഇടംപിടിച്ചു.


1993ല്‍ ജനിച്ച സിയെച്ചിന്റെ പിതാവ് ഡച്ചുകാരനും മാതാവ് മൊറോക്കോക്കാരിയുമാണ്. നെതര്‍ലാന്‍ഡ് അണ്ടര്‍ 21 ടീമില്‍ അംഗമായിരുന്ന സിയെച്ച് 2015ല്‍ മൊറോക്കന്‍ പൗരത്വം നേടി ദേശീയടീമില്‍ എത്തുകയായിരുന്നു. 44 മത്സരങ്ങളില്‍ നിന്നായി 18 ഗോളുകളാണ് നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ചെല്‍സി നിരയില്‍ തിളങ്ങുന്ന യുവതാരം ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് നേടിയ സംഘത്തിലും അംഗമായിരുന്നു.

1998ല്‍ ഫ്രാന്‍സ് ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയതിന് ശേഷമുള്ള മൊറോക്കോയുടെ ലോകകപ്പിലെ ആദ്യവിജയംകൂടിയാണ് ബെല്‍ജിയത്തിനെതിരെ നേടിയത്. അവസാനനിമിഷം സക്കരിയ്യ അബൂഖ്‌ലാലിന് ഗോളിലേക്ക് വഴിയൊരുക്കിയ നിര്‍ണായക പാസ് നല്‍കിയത് ഹക്കിം സിയെച്ചായിരുന്നു. ലോകകപ്പ് മുന്‍പ് നടന്ന സന്നാഹമത്സരത്തില്‍ ഹാഫ് വരക്കടുത്ത് നിന്ന് പോസ്റ്റിലേക്ക് അടിച്ച ലോംഗ്‌ഗോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

You Might Also Like