ലോകത്തിലെ ഏറ്റവും മികച്ച മൂന്നു പ്രതിരോധതാരങ്ങൾ ഇവരാണ്,ഹാളണ്ട് പറയുന്നു

ഇപ്രാവശ്യത്തെ  ഗോൾഡൻ ബോയ് ആയി തിരഞ്ഞെടുത്ത നോർവീജിയൻ സൂപ്പർതാരമാണ് എർലിംഗ് ഹാളണ്ട്. നിലവിൽ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിനു വേണ്ടി കളിക്കുന്ന ഈ ഇരുപതുകാരന് പിന്നാലെ ഇതിനകം തന്നെ ബയേൺ മ്യൂണിക്ക് റയൽ മാഡ്രിഡ്‌ എന്നിങ്ങനെ യൂറോപ്യൻ വമ്പന്മാരാണ് പിറകിലുള്ളത്.  ഗോളടിയിൽ മികച്ച ഫോമിൽ തുടരുന്ന താരം നിലവിൽ പരിക്കു മൂലം പുറത്താണെങ്കിലും അധികം വൈകാതെ തന്നെ തിരിച്ചെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

32 മത്സരങ്ങളിൽ നിന്നായി ഇതിനകം തന്നെ 33 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ചില മികച്ച പ്രതിരോധതാരങ്ങൾക്കെതിരെ തന്റെ ഗോളടി മികവ് പുറത്തെടുക്കാൻ താരത്തിനു സാധിച്ചിട്ടില്ല. അത്തരത്തിലുള്ള തനിക്കു നേരിടേണ്ടി വന്നിട്ടുള്ള മികച്ച മൂന്നു പ്രതിരോധതാരങ്ങളെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ്  ഹാളണ്ട്.  നോർവിജിയൻ മാധ്യമമായ വീജിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹാളണ്ട്.

  “എനിക്ക് തോന്നുന്നത് ലോകത്തിലെ ഏറ്റവും മികച്ച മൂന്നു പ്രതിരോധത്തരങ്ങൾ സെർജിയോ റാമോസും വിർജിൽ വാൻ ഡൈകും കാലിഡൂ കൂലിബാലിയുമാണെന്നാണ്. മൂന്നു താരങ്ങളും വളരെ ശക്തരായ താരങ്ങളാണ്. ഒപ്പം കളിക്കളത്തിൽ കൂടുതൽ ബുദ്ദിമാന്മാരുമാണ്.” ഹാളണ്ട് വ്യക്തമാക്കി.  ഇതിൽ ഏറ്റവും കൂടുതൽ ഹളണ്ടിനെ അമ്പരപ്പിച്ചിട്ടുള്ളത് നാപോളി പ്രതിരോധതാരം കൂലിബാലിയാണ്.

ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ നാപൊളിക്കെതിരെ കളിച്ചപ്പോഴാണ് കൂലിബാലിയുടെ മികവ് ഹാളണ്ട് തിരിച്ചറിയുന്നത്. എങ്കിലും രണ്ടുപാദ മത്സരങ്ങളിലുമായി സീരി എ വമ്പന്മാർക്കെതിരെ മൂന്നു ഗോളുകൾ നേടാൻ ഹാളണ്ടിനു സാധിച്ചുവെന്നതാണ് മറ്റൊരു വസ്തുത. കഴിഞ്ഞ ചാമ്പ്യൻസ്‌ലീഗിൽ ലിവർപൂളിനെതിരെ കളിച്ചപ്പോഴാണ് വാൻ ഡൈക്കിന്റെ മികവ് ഹാളണ്ട് തിരിച്ചറിയുന്നത്. സെർജിയോ റാമോസ് ലോകഫുട്ബോളിൽ തന്നെ ഏറ്റവും കരുത്തനായ പ്രതിരോധതാരമാണെന്ന് ഹാളണ്ടിനു നന്നായറിയാം. നിലവിൽ റയൽ മാഡ്രിഡും ഹാളണ്ടിനു പിറകെയുണ്ടെന്നത് ഈ കണ്ടെത്തലിനു കാരണമായേക്കാം.

You Might Also Like