വെല്ലുവിളിയുമായി ഗാർഡിയോള, കോടികൾ വാരിയെറിഞ്ഞ് ലിവർപൂളിനെ തകർക്കും

അടുത്ത സീസണിലെ പ്രീമിയർ ലീഗ് കിരീടത്തിനായി ലിവർപൂളിനു വമ്പൻ വെല്ലുവിളിയുയർത്തുമെന്നു വ്യക്തമാക്കി സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. ഇതിനു വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ തുക മാഞ്ചസ്റ്റർ സിറ്റി വീശിയെറിയാൻ സാധ്യതയുണ്ടെന്ന സൂചനയും അദ്ദേഹം നൽകി. ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു മുൻപ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ചില താരങ്ങൾക്കു പകരക്കാരെ കണ്ടെത്തേണ്ടതുണ്ട്. വിൻസന്റ് കമ്പനി, ഡേവിഡ് സിൽവ എന്നിവർ ടീം വിടുന്നതു കൊണ്ടും ഫെർണാണ്ടീന്യോ, അഗ്യൂറോ എന്നിവരുടെ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രമേ ബാക്കിയുള്ളു എന്നതിനാലും ടീമിനെ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.” ഇതിനു പുറമേ സാനേ ടീം വിടുന്ന കാര്യവും പെപ് ചൂണ്ടിക്കാട്ടി.

“അടുത്ത സീസണിൽ പ്രീമിയർ ലീഗ് വിജയിക്കുകയെന്നതു തന്നെയാണ് പ്രധാന ലക്ഷ്യം. സ്ഥിരതയില്ലായ്മ കൊണ്ടാണ് ഇത്തവണ അതിനു കഴിയാതിരുന്നത്. തെറ്റുകളിൽ നിന്നും പാഠം പഠിച്ചും വിജയം നേടിയവരിൽ നിന്നും പുതിയ പാഠങ്ങൾ ഉൾക്കൊണ്ടും ടീമിനു മുന്നോട്ടു പോയി അടുത്ത സീസണിൽ പുതിയ അദ്ധ്യായം എഴുതിച്ചേർക്കേണ്ടിയിരിക്കുന്നു.” പെപ് വ്യക്തമാക്കി.

അടുത്ത സീസണിലേക്കായി ടീമിൽ ഒരു അഴിച്ചു പണി ഉണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഗാർഡിയോള നൽകുന്നത്. ടീം വിടുന്ന സാനേ, സിൽവ എന്നിവർക്കു പകരക്കാരെയും പ്രതിരോധ നിരയിലെ താരങ്ങളും സിറ്റിക്ക് അത്യാവശ്യമാണ്. എന്നാൽ ട്രാൻസ്ഫർ വിലക്കു വരാൻ സാധ്യതയുള്ളത് സിറ്റിക്കു തിരിച്ചടിയാണ്.

You Might Also Like