ബാഴ്സയുമായി ചർച്ച നടത്തി ഗ്രീസ്മാൻ, താരത്തിന്റെ തീരുമാനമിങ്ങനെ

കഴിഞ്ഞ ആഴ്ചകളിലുണ്ടായ കയ്പേറിയ അനുഭവങ്ങളിൽ നിന്നും തിരിച്ചു വന്ന് ഗ്രീസ്മൻ ബാഴ്സയിൽ സംതൃപ്തനായി തുടങ്ങിയെന്നു റിപ്പോർട്ടുകൾ. ബാഴ്സലോണ ടീമിൽ ഇടം ലഭിക്കുന്നതു കൊണ്ടു മാത്രമല്ല, മറിച്ച് ബാഴ്സ നേതൃത്വം താരത്തിൽ പൂർണമായി വിശ്വാസമർപ്പിച്ചിട്ടുണ്ടെന്ന കാരണത്താൽ കൂടിയാണ് താരം സന്തുഷ്ടനായിരിക്കുന്നത്.

ഏതാനും മത്സരങ്ങളിൽ പുറത്തിരുത്തുകയും അറ്റ്ലറ്റികോക്കെതിരെ മിനുട്ടുകൾ മാത്രം അവസരം നൽകുകയും ചെയ്തതിനു ശേഷം കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ആദ്യ ഇലവനിൽ തന്നെ താരത്തിന് ഇടം ലഭിച്ചിട്ടുണ്ട്. വിയ്യാറയലിനെതിരായ മത്സരത്തിൽ ഒരു മനോഹര ഗോൾ ഫ്രഞ്ച് ലോകകപ്പ് ജേതാവ് നേടുകയും ചെയ്തു.

അതിനിടയിൽ ഗ്രീസ്മനും ഏജൻറും സഹോദരിയും ചേർന്നാണ് ബാഴ്സ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്‌. ബാഴ്സ നേതൃത്വം താരത്തിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്നുണ്ടെന്നു വ്യക്തമായതോടെ ക്ലബ് വിടാനുള്ള പദ്ധതികൾ ഉപേക്ഷിച്ച് താരം അടുത്ത സീസണിലും തുടരുമെന്ന തീരുമാനമെടുത്തതായാണു റിപ്പോർട്ടുകൾ.

സീസൺ പുനരാരംഭിച്ചതിനു ശേഷം ബാഴ്സയിൽ തൃപ്തനല്ലാതിരുന്ന ഗ്രീസ്മന്റെ പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടുവെന്നാണു കരുതേണ്ടത്. അതേ സമയം വിയ്യാറയലിനെതിരെ തിളങ്ങിയ മെസി, ഗ്രീസ്മൻ, സുവാരസ് സഖ്യം ഇന്നലെ എസ്പാന്യോളിനെതിരെ മോശം പ്രകടനമാണു നടത്തിയത്.

You Might Also Like