ബാക്ക്ഹീൽ അസിസ്റ്റിനു പിന്നാലെ ബാക്ക്ഹീൽ ഗോൾ, അത്ലറ്റികോ മാഡ്രിഡിനു വേണ്ടി നിറഞ്ഞാടി ഗ്രീസ്‌മൻ

അത്ലറ്റികോ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി നിൽക്കുന്ന സമയത്ത് ബാഴ്‌സലോണയിലേക്ക് ചേക്കേറിയ തീരുമാനത്തെ ഗ്രീസ്‌മൻ മനസു കൊണ്ട് പഴിച്ചിരിക്കും എന്നുറപ്പാണ്. ബാഴ്‌സലോണയുടെ ശൈലിയുമായി ഒത്തുപോകാൻ കഴിയാതിരുന്ന താരത്തെ ഏതാനും സീസണുകൾക്ക് ശേഷം അത്ലറ്റികോ മാഡ്രിഡ് തന്നെ സ്വന്തമാക്കി. ആദ്യം ലോണിലെത്തിയ ഫ്രഞ്ച് താരത്തെ പിന്നീട് സ്ഥിരം കരാറിൽ തിരിച്ചെടുക്കുകയാണ് അത്ലറ്റികോ മാഡ്രിഡ് ചെയ്‌തത്‌. എന്നാൽ അത്ലറ്റികോയിലേക്കുള്ള തിരിച്ചു വരവിന്റെ ആദ്യ ഘട്ടത്തിലും മികച്ച പ്രകടനം നടത്താൻ ഗ്രീസ്‌മനു കഴിഞ്ഞില്ലായിരുന്നു.

എന്നാൽ ടീമിന്റെ പ്രധാന താരമായി താൻ നിറഞ്ഞു നിന്നിരുന്ന ആ കാലഘട്ടത്തിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് താരമെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിൽ നിന്നും വ്യക്തമാകുന്നത്. റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള ക്ലബായ റയൽ വയ്യഡോളിഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം അത്ലറ്റികോ മാഡ്രിഡ് നേടിയപ്പോൾ ആ മൂന്നു ഗോളുകളിലും അന്റോയിൻ ഗ്രീസ്‌മനു പങ്കുണ്ടായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ താരം നേടുകയും ചെയ്‌തു.

അത്ലറ്റികോ മാഡ്രിഡിന്റെ ആദ്യഗോളിന് വഴിയൊരുക്കിയ ഗ്രീസ്‌മാന്റെ അസിസ്റ്റ് അതിമനോഹരമായിരുന്നു. അത്ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റത്തിൽ തനിക്ക് നേരെ വന്ന പന്ത് ഒരു ബാക്ക്ഹീൽ പാസിലൂടെയാണ് ബോക്‌സിലേക്ക് ഓടുകയായിരുന്നു മൊറാട്ടക്ക് ഫ്രഞ്ച് താരം കൈമാറിയത്. പന്ത് ലഭിച്ച മൊറാട്ടക്ക് ഗോൾകീപ്പറെ കീഴടക്കുകയെന്ന ജോലി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അഞ്ചു മിനുട്ട് തികയും മുൻപേ അർജന്റീന താരം മോളിനയുടെ പാസിൽ നിന്നും ഒരു ബാക്ക്ഹീൽ ഫ്ലിക്കിലൂടെ താരം ഒരു ഗോളും നേടി. ഇതിനു പുറമെ അന്റോയിൻ ഗ്രീസ്‌മൻ എടുത്ത ഫ്രീകിക്കിൽ നിന്നാണ് അത്ലറ്റികോ മാഡ്രിഡിന്റെ മൂന്നാമത്തെ ഗോൾ പിറന്നത്.

ബാഴ്‌സലോണക്കും അത്ലറ്റികോ മാഡ്രിഡിനും വേണ്ടി തിളങ്ങാൻ കഴിയാതിരുന്ന സമയത്തും ഫ്രാൻസ് ദേശീയ ടീമിനായി മിന്നുന്ന പ്രകടനമാണ് ഗ്രീസ്മാൻ നടത്തിയിരുന്നത്. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ ഫൈനൽ വരെയെത്തിക്കുന്നതിൽ പ്രധാനി താരം തന്നെയായിരുന്നു. ഗ്രീസ്മാനിൽ കേന്ദ്രീകരിച്ചാണ് ടീമിന്റെ മുഴുവൻ പദ്ധതിയും ദെഷാംപ്‌സ് ഒരുക്കിയിരുന്നത്. ലോകകപ്പിലെ മികച്ച പ്രകടനം താരത്തിന് കൂടുതൽ ആത്മവിശ്വാസം നൽകിയെന്നാണ് കഴിഞ്ഞ ദിവസത്തെ മികച്ച പ്രകടനം വ്യക്തമാക്കുന്നത്. അത്ലറ്റികോ മാഡ്രിഡിന് സ്പെയിനിൽ ഉണ്ടായിരുന്ന മേധാവിത്വം തിരിച്ചു കൊണ്ടുവരാൻ ഇത് വഴിയൊരുക്കുമെന്നും ആരാധകർ വിശ്വസിക്കുന്നു.

You Might Also Like