ഗോമസ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത് ഫുട്‌ബോള്‍ വിദഗ്ദരെ അമ്പരപ്പിച്ച്, കാരണമിതാണ്

Image 3
FootballISL

ഡിപ്പോര്‍ട്ടീവോ ലാ കൊരുണയുടെ സ്പാനിഷ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ വിസെന്റെ ഗോമസിനെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത് ഫുട്‌ബോള്‍ വിദഗ്ദരെ മുഴുവന്‍ അമ്പരപ്പിച്ച്. സ്പാനിഷ് ക്ലബുമായുളള ഒരു വര്‍ഷത്തെ കരാര്‍ റദ്ദാക്കിയാണ് ഗോമസ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരാന്‍ തീരുമാനിച്ചത്.

ബ്ലാസ്‌റ്റേഴ്‌സ് വെച്ച് നീട്ടിയ മൂന്ന് വര്‍ഷത്തെ കരാറാണ് ഗോമസിനെ ഇന്ത്യയിലേക്ക് വരാന്‍ ഏറെ പ്രേരിപ്പിച്ചത്. മാത്രമല്ല ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അനുഭവങ്ങള്‍ കൂടി കരിയറിലുണ്ടാകണമെന്ന് താരം ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ഈ കരാര്‍ യാഥാര്‍ത്യമായത്.

കഴിഞ്ഞ രണ്ട് സീസണുകളില്‍ സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ് ലാ കൊറൂനക്ക് വേണ്ടി 60 മത്സരങ്ങള്‍ കളിച്ച താരമാണ് ഗോമസ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ക്ലബ് മൂന്നാം ഡിവിഷനിലേക്ക് തരം താഴ്ത്തപെട്ടതും ഇന്ത്യയിലേക്ക് വരാന്‍ ഗോമസിന് കാരണമായി. ക്ലബ്ബിനൊപ്പമുള്ള തന്റെ കരിയര്‍ പരസ്പര സമ്മതത്തോടെയാണ് ഗോമസ് അവസാനിപ്പിച്ചത്.

ക്ലബ് ഫുട്ബാളില്‍ മുന്നൂറിലേറെ മത്സരങ്ങളുടെ പരിചയസമ്പത്തുള്ള താരമാണ് ഗോമസ്. വിവിധ ടീമുകള്‍ക്കായി 15 ഗോളുകളും 6 അസിസ്റ്റുകളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

2007 ല്‍ സ്പാനിഷ് ക്ലബ്ബായ എഡി ഹുറകാനിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച താരം 2009 ല്‍ ലാസ്പാല്‍മസ് റിസര്‍വ് ടീമിലെത്തി.അവിടെ ഒരു വര്‍ഷം കളിച്ച ശേഷമാണ് താരം സീനിയര്‍ ടീമിലേക്ക് വരുന്നത്.തുടര്‍ന്ന് ലാല്‍പാല്‍മസിനായി ഗോമസ് എട്ടു വര്‍ഷകാലം കളിച്ചു.

അന്ന് ടീമിന്റെ മുന്‍ നിര താരങ്ങളിലൊരാളായിരുന്നു ഇദ്ദേഹം. ശേഷം 2018-ലാണ് ഇദ്ദേഹം ഡിപോര്‍ട്ടീവോ ലാ കൊരുണയില്‍ എത്തുന്നത്.
32 -കാരനായ ഗോമസ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍,സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ റോളുകളിലും കളിച്ചിട്ടുണ്ട്.