കേരള ക്ലബിന്റെ പരിശീലകനായത് ഇന്ത്യന്‍ കോച്ച് പറഞ്ഞിട്ട്, വെളിപ്പെടുത്തലുമായി യൂറോപ്യന്‍ പരിശീലകന്‍

കേരളത്തില്‍ നിന്നുളള ഏക ഐലീഗ് ക്ലബ് ഗോകുലം എഫ്‌സിയുടെ പരിശീലകനാകാന്‍ കാരണം മുന്‍ ഇന്ത്യന്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ന്റൈന്‍ ആണെന്ന് വെളിപ്പെടുത്തി ഇറ്റാലിയന്‍ കോച്ച് വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ ആനെസ. കായിക മാധ്യമമായ ഖേല്‍നൗവിന് അനുവദിച്ച അഭിമുഖത്തിലാണ് ആനെസിന്റെ വെളിപ്പെടുത്തല്‍.

ഇന്ത്യയിലേക്ക് വരാനുളള പ്രധാന കാരണങ്ങളില്‍ ഒന്ന് എന്റെ കൂട്ടുകാരനായ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ന്റൈന്‍ ആണ്. ഏഷ്യയിലെ എന്റെ അനുഭവ സമ്പത്ത് ഇവിടെ എനിക്ക് മികച്ച കോച്ചായി മാറാന്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു’ ആനെസ് പറയുന്നു.

35 വയസ്സ് മാത്രമുളള ആനെസ് ഐഎസ്എല്ലിലൂടെയാണ് ഇന്ത്യന്‍ ഫുട്‌ബോളിനെ അറിഞ്ഞതെന്ന് വെളിപ്പെടുത്തി. ഇറ്റാലിയന്‍ സൂപ്പര്‍ താരങ്ങളായ മാര്‍ക്കോ മറ്റെരാസി, ജിയാന്‍ ലൂക്ക സംബ്രോട്ട, അലെക്‌സാന്ദ്രോ ഡെല്‍ പിയെറോ ഇതിഹാസങ്ങളായ റോബര്‍ട്ടോ കാര്‍ലോസ്, സീക്കോ എന്നിവരും ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാഗമായിരുന്നു എന്നത് തന്നെ അമ്പരപ്പിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇതാണ് ഇന്ത്യയില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ മറുത്തൊന്നും ആലോചിക്കാതെ ഒപ്പ് വെച്ചതെന്നും യുവകോച്ച് പറയുന്നു.

ഗോകുലത്തിന്റെ എല്ലാ മത്സരങ്ങളും താന്‍ കണ്ടെനന് പറയുന്ന ആനെസ് വിദേശ താരങ്ങള്‍ക്കും, ഇന്ത്യന്‍ താരങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന ഒരു ടീമിനേയാകും കെട്ടിപടുക്കുക എന്നും കൂട്ടിചേര്‍ത്തു.

ഒരു ദേശീയ ടീമിനെ അടക്കം നിരവധി ക്ലബുകളെ പരിശീലിപ്പിച്ച ശേഷമാണ് ആനെസ് ഗോകുലത്തിന്റെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. ബെലീസ് ദേശീയ ടീമിന്റെ പരിശീലകനായിട്ടുളള ആനെസ ഇറ്റാലി, എസ്റ്റോണിയ, ലാത്വിയ, ഫലസ്തീന്‍ എന്നീ രാജ്യങ്ങളിലെ ക്ലബുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. അര്‍മേനിയന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനായും ഇദ്ദേഹം വേഷമണിഞ്ഞിട്ടുണ്ട്.

നിലവില്‍ ഡ്യൂറാന്റ് കപ്പ് സ്വന്തമാക്കിയതാണ് ഗോകുലം കേരളയുടെ ഏകമികച്ച നേട്ടം. ഐലീഗ് കിരീടമാണ് നിലവില്‍ ഗോകുലം ലക്ഷ്യംവെക്കുന്നത്. ഇതിലൂടെ ഐഎസ്എല്‍ പ്രവേശനവും ഗോകുലത്തിന്റെ അജണ്ടയിലുണ്ട്.

You Might Also Like