ആ മത്സരം ഗോകുലം ജയിച്ചാല്‍ അത് ചരിത്രമാകും, ബ്ലാസ്റ്റേഴ്‌സ് മങ്ങും!

തേഡ് ഐ – കമാല്‍ വരദൂര്‍

രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പായ ഐ.എഫ്.എ ഷീല്‍ഡില്‍ കളിച്ചായിരുന്നു ഇത്തവണ ഗോകുലം കേരളാ എഫ്.സി സീസണ്‍ ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പരിശീലനം പോലും ഫലപ്രദമാവാതെയിരുന്നിട്ടും ടീം കൊല്‍ക്കത്തയിലെത്തി മൂന്ന് മല്‍സരങ്ങള്‍ കളിച്ചു. മൂന്നാമത് മല്‍സരം മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗിനെതിരെയായിരുന്നു. ആ മല്‍സരത്തില്‍ തോറ്റ് ടീം പുറത്തായപ്പോള്‍ ചിലരെങ്കിലും പഴി പറഞ്ഞു പുതിയ കോച്ചിനെ.

ഇറ്റലിക്കാരനായ വിസെന്‍സോ ആല്‍ബെര്‍ട്ടോ അനീസ് എന്ന 36 കാരനായ പരിശീലകന് പക്ഷേ ഐ.എഫ്.എ ഷീല്‍ഡ് കേവലമൊരു വാം അപ്പ് ചാമ്പ്യന്‍ഷിപ്പായിരുന്നു. അദ്ദേഹം ചുമതലയേറ്റ് അധികം കഴിയുന്നതിന് മുമ്പായിരുന്നു ചാമ്പ്യന്‍ഷിപ്പ്. തോല്‍വിക്ക് ശേഷം ഐ ലീഗിന് മുന്നോടിയായി ടീം കൊല്‍ക്കത്തയില്‍ തന്നെ തങ്ങി.

സീനിയര്‍ ടീമിനെയും റിസര്‍വ് ടീമിനെയും അദ്ദേഹം ഒരുമിപ്പിച്ച്് കളിപ്പിച്ചു. അതില്‍ നിന്ന് ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തി എല്ലാവരോടുമായി പറഞ്ഞത് ഒന്ന് മാത്രം- ആക്രമണമാണ് ഫുട്ബോളില്‍ നമ്മുടെ മുദ്രാവാക്യം. പ്രതിയോഗികള്‍ പല തരത്തിലുള്ളവരായിരിക്കാം. എല്ലാവര്‍ക്കെതിരെയും സ്വീകരിക്കാന്‍ കഴിയുന്ന വലിയ തന്ത്രം ആക്രമണം മാത്രമാണ്.

കോച്ചിന്റെ വാക്കുകളെ അക്ഷരം പ്രതി ടീം അനുസരിച്ചതിന് തെളിവായി ഇതാ ഇപ്പോള്‍ ഗോകുലം കേരളാ എഫ്.സി ഐ ലീഗ് കിരീടത്തിന് തൊട്ടരികില്‍ എത്തി നില്‍ക്കുന്നു. ഇന്നലെ തോല്‍പ്പിച്ചത് ഐ.എഫ്.എ ഷീല്‍ഡ് നോക്കൗട്ടില്‍ തങ്ങളെ തോല്‍പ്പിച്ച അതേ മുഹമ്മദന്‍സിനെ. അതും വ്യക്തമായ മാര്‍ജിനില്‍. ഇനി ഒരു മല്‍സരം മാത്രമാണ് ഐ ലീഗില്‍ ബാക്കി. അത് മണിപ്പൂരില്‍ നിന്നുള്ള ശക്തരായ ട്രാവു എഫ്.സിക്കെതിരെ. ആ കളി ജയിച്ചാല്‍ കിരീടമാണ് മുന്നില്‍.

വിസെന്‍സോ എന്ന യുവ പരിശീലകന്‍ തന്നെയാണ് ടീമിന്റെ ശക്തി. ഐ ലീഗിലെ കഴിഞ്ഞ സീസണ്‍ മല്‍സരങ്ങളെല്ലാം കണ്ട് പ്രതിയോഗികളെ വ്യക്തമായി വിലയിരുത്തി തന്നെയാണ് അദ്ദേഹത്തിന്റെ ഗെയിം പ്ലാനിംഗ്. 14 മല്‍സരങ്ങളില്‍ നിന്നായി ഇതിനകം ഗോകുലം സ്വന്തമാക്കിയിരിക്കുന്നത് 27 ഗോളുകളാണ്. ചാമ്പ്യന്‍ഷിപ്പില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് ഉള്‍പ്പെടെ മറ്റാര്‍ക്കും ഇത്രയും ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാനായിട്ടില്ല. ഈ 27 ഗോളുകളുടെ ഉടമകളെ തേടിയാല്‍ 9 പേരാണ് ഉത്തരം. അതും വിസെന്‍സോ എന്ന പരിശീലകന്റെ ആക്രമണ മുദ്രാവാക്യത്തിനുള്ള തെളിവാണ്.

ഗോള്‍ക്കീപ്പര്‍ ഒഴികെ എല്ലാവരും ഗോള്‍ നേടാന്‍ പ്രാപ്തരാവണമെന്നതാണ് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്. ഡെന്നിസ് അത്വി എന്ന മുന്‍നിരക്കാരനാണ് 27 ല്‍ ഒമ്പത് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തിരിക്കുന്നത്. മുന്‍നിരക്കാര്‍ക്ക്് പന്തുകള്‍ എത്തിക്കുന്നത് കൂടാത മധ്യനിരക്കാരും പിന്‍നിരക്കാരുമെല്ലാം ഗോളുകള്‍ നേടുന്നതില്‍ വിജയിക്കുന്നു. അഫ്ഗാനില്‍ നിന്നുള്ള ഷരീഫ് മുഹമ്മദ് ഡിഫന്‍സിവ് മിഡ്ഫീല്‍ഡറാണ്. പക്ഷേ അദ്ദേഹത്തിന്റെ നാമധേയത്തില്‍ മൂന്ന് ഗോളുകളുണ്ട്. നായകന്‍ ഘാനയില്‍ നിന്നുള്ള മുഹമ്മദ് അവാലും കരുത്തനാണ്. ഏത് സാഹചര്യത്തെയും നേരിടാന്‍ കരുത്തുള്ള താരം. ഗോള്‍ക്കീപ്പര്‍ ഉബൈദ്, എമില്‍ ബെന്നി, ജസ്റ്റിന്‍, സല്‍മാന്‍, മായക്കണ്ണന്‍, ദീപക് ദേവറാണി തുടങ്ങി ആദ്യ ഇലവനിലെ സ്ഥിരക്കാരെല്ലാം പ്രകടിപ്പിക്കുന്ന സ്ഥിരതയും കോച്ചിന് കരുത്തായി മാറുന്നു.

കളിച്ച 14 മല്‍സരങ്ങളില്‍ എട്ട് മല്‍സരങ്ങളിലാണ് ടീമിന്റെ വിജയം. നാല് മല്‍സരങ്ങളില്‍ തോറ്റപ്പോള്‍ രണ്ടില്‍ സമനില വഴങ്ങി. ചാമ്പ്യന്‍ഷിപ്പില്‍ വിജയങ്ങളുടെ എണ്ണത്തിലും ഗോകുലം തന്നെയാണ് ഒന്നാമതുള്ളത്. ഇനിയിപ്പോള്‍ ഒരേ ഒരു മല്‍സരം- വിസെന്‍സോയും കുട്ടികളും അത് ജയിച്ചാല്‍ ചരിത്രം പിറക്കും. അതിനായി കാത്തിരിക്കുകയാണ് മലയാളി ഫുട്ബോള്‍ ലോകം.

കടപ്പാട്: ചന്ദ്രിക ദിനപത്രം

 

You Might Also Like