സല്യൂട്ട് ഗോകുലം, മറ്റൊരു കേരള താരത്തെ കൂടി ടീമിലെത്തിച്ച് മലബാരിയന്‍സ്

Image 3
FootballI League

കേരളത്തിലെ ഏക ഐലീഗ് ക്ലബ് ഗോകുലം എഫ്‌സിയിലേക്ക് മറ്റൊരു കേരള താരം കൂടി. കേരളത്തിന്റെ സന്തോഷ് ട്രോഫി താരം റിഷാദ് പി പി (25) ഗോകുലം കേരള എഫ് സിയില്‍ കളിക്കും. ഡിഫെന്‍സിവ് മിഡ്ഫീല്‍ഡ് പൊസിഷനില്‍ കളിക്കുന്ന താരം, മലപ്പുറം തിരൂര്‍ സ്വദേശിയാണ്.

ഈ സീസണില്‍ ഗോകുലം മലപ്പുറത്തു നിന്നും സ്വന്തമാക്കുന്ന മൂന്നാമത്തെ താരം ആണ് റിഷാദ്. കേരള പ്രീമിയര്‍ ലീഗില്‍ സാറ്റ് തീരൂരിനു വേണ്ടിയും ഐ ലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ ഡല്‍ഹി യുണൈറ്റഡ് എഫ് സിക്കും വേണ്ടി റിഷാദ് കളിച്ചിട്ടുണ്ട്.

ഡി എസ് കെ ശിവാജിയന്‍സ്, മുംബൈ എഫ് സി ടീമുകളുടെ അക്കാഡമിയിലും റിഷാദ് കളിച്ചിട്ടുണ്ട്. ഗോകുലവുമായി രണ്ടു വര്‍ഷത്തെ കരാറില്‍ ആണ് റിഷാദ് ഒപ്പു വെച്ചത്.

”ഗോകുലത്തില്‍ കളിക്കുവാന്‍ കഴിയുന്നതില്‍ എനിക്കു വളരെ അധികം സന്തോഷം ഉണ്ട്. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളിക്കുവാന്‍ കഴിയുന്നത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. ഗോകുലത്തിന്റെ ഒട്ടു മിക്ക കളികളും ഞാന്‍ കോഴിക്കോട് വന്നു കണ്ടിട്ടുണ്ട്. ഇനി അവര്‍ക്കു വേണ്ടി ഐ ലീഗ് കളിക്കണം,” റിഷാദ് പറഞ്ഞു.

”നല്ല ടഫ് ആയിട്ടുള്ള ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍ ആണ് റിഷാദ്. നല്ല കഠിനാധ്വാനിയും, ജയിക്കണം എന്ന വാശിയും ഉണ്ട് റിഷാദിനു. സെക്കന്റ് ഡിവിഷനിലും കെ പി ല്‍ പോലെ ഉള്ള ടൂര്‍ണമെന്റുകളില്‍ കളിച്ചു നല്ല പരിചയം ഉണ്ട് റിഷാദിനു,” ഗോകുലം എഫ് സി ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിനോ ജോര്‍ജ് പറഞ്ഞു.