ഐലീഗ് ഫുട്ബോളില്‍ ഗോകുലത്തിന് മിസോറാം പരീക്ഷണം

ഐസ്വാള്‍: ഐ ലീഗ് ഫുട്ബോളില്‍ രണ്ടാം മത്സരത്തില്‍ ഗോകുലം കേരള എഫ്.സി നാളെ മിസോറാം ക്ലബായ ഐസ്വാള്‍ എഫ്.സിയെ നേരിടും. ആദ്യ മത്സരത്തില്‍ മുഹമ്മദന്‍സ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച ഗോകുലത്തിന്റെ ഈ സീസണിലെ ആദ്യത്തെ എവേ മത്സരമാണ് ഐസ്വാളിനെതിരെ.

കാമറൂണ്‍ മുന്നേറ്റ നിര താരം സോമലാഗ, മധ്യനിര താരങ്ങള്‍ ഫര്‍ഷാദ് നൂര്‍, പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ അമിനോ ബൗബ എന്നിവരുടെ കരുത്തിലാണ് ഗോകുലം നോര്‍ത്ത് ഈസ്റ്റ് ക്ലബിനെതിരെ ഇറങ്ങുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് യൂറോ സ്പോര്‍ട്സ് ചാനലിലും 24 ന്യൂസിലും തത്സമയമുണ്ടാകും.

ഐസ്വാള്‍ ആദ്യ മത്സരത്തില്‍ മണിപ്പുരില്‍ നിന്നുള്ള ട്രാവു എഫ് സിയോട് 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു. ഐ ലീഗ് ഫുട്ബോളില്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന ആദ്യഹോംമാച്ചില്‍ കൊല്‍ക്കത്ത മുഹമ്മദന്‍സിനെ ഒരു ഗോളിന് കീഴടക്കിയ മലയാളിക്ലബ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

57ാം മിനിറ്റില്‍ കാമറൂണ്‍ താരം ബോം സോമലാഗയാണ് ആതിഥേയര്‍ക്കായി ലക്ഷ്യംകണ്ടത്. ബോം സോമലാഗയും അഫ്ഗാനിസ്ഥാന്‍ താരം ഫര്‍ഷാദ് നൂറും മികച്ച പാസുകളുമായി മലബാറിയന്‍സിനായി മികച്ച പ്രകടനം നടത്തി. ഇത്തവണ ഐലീഗില്‍ ഹാട്രിക് കിരീടമാണ് ഗോകുലം ലക്ഷ്യമിടുന്നത്.

You Might Also Like