ഇത്തവണയും കപ്പടിച്ചാല്‍ ഗോകുലവും ഐഎസ്എല്ലില്‍

കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നാലെ മറ്റൊരു ടീം കൂടി കേരളത്തില്‍ നിന്ന് ഐ എസ്.എലിലേക്കെത്തുമോ. നാളെ ഐ ലീഗ് ഫുട്‌ബോളിന് മലപ്പുറം മഞ്ചേരിയില്‍ തുടക്കമാകുമ്പോള്‍ കാല്‍പന്ത് ആരാധകര്‍ ഉറ്റുനോക്കുന്നത് ഗോകുലം കേരള എഫ്.സി യിലേക്കാണ്. കഴിഞ്ഞ 2 സീസണിലായി ഐലീഗ് കിരീടം സ്വന്തമാക്കിയ മലബാറിയസ് ഹാട്രിക് മോഹവുമായാണ് പയ്യനാട് സ്റ്റേഡിയത്തില്‍ പന്ത് തട്ടുന്നത്. ഇത്തവണ കിരീടം നേടാനായാല്‍ ഐ.എസ്.എല്‍ പ്രവേശനമെന്ന നേട്ടവും ഗോകുലത്തെ കാത്തിരിക്കുന്നു.

ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിക്കാണ് എതിരാളികള്‍.
സന്തോഷ് ട്രോഫിക്ക് ശേഷം മഞ്ചേരി പയ്യനാട്ടേക്ക് വീണ്ടും ഫുട്‌ബോള്‍ ആരവം വിരുന്നെത്തുകയാണെന്ന പ്രത്യേകതയുമുണ്ട്. ഇത്തവണ ഗോകുലത്തിന്റെ ഹോം മത്സരങ്ങള്‍ പയ്യനാടും കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലുമായാണ് നടക്കുന്നത്.

കഴിഞ്ഞ തവണ അവസാന മത്സരത്തില്‍ മുഹമ്മദന്‍സിനെ തോല്‍പ്പിച്ചായിരുന്നു മലബാരിയന്‍സിന്റെ കിരീടം നേട്ടം. കാമറൂണുകാരനായ പുതിയ കോച്ച് റിച്ചാഡ് ടോവ പരിശീലിപ്പിക്കുന്ന ഗോകുലത്തില്‍ മലയാളി താരങ്ങള്‍ക്ക് തന്നെയാണ് പ്രാമുഖ്യം. ആറ് വിദേശ താരങ്ങള്‍ ടീമിലുണ്ട്. മധ്യനിര താരം അര്‍ജുന്‍ ജയരാജാണ് ടീമിലെ പ്രധാനി. മുഹമ്മദ് ജാസിം, നൗഫല്‍, താഹിര്‍ സമാന്‍, ശ്രീ കുട്ടന്‍ എന്നിവരും മികച്ച താരങ്ങളാണ്. അര്‍ജന്റീനയില്‍ നിന്നുള്ള ജുവാന്‍ കാര്‍ലോസ് നെല്ലാര്‍, ബ്രസീലില്‍ നിന്നുള്ള എവര്‍ട്ടണ്‍ ഗുല്‍മെറസ് , കാമറൂണ്‍ താരം അമിനോ എന്നി വിദേശ താരങ്ങളും മലയാളി ക്ലബിന് കരുത്താകും. 12 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

കൊവിഡ് കാരണം കഴിഞ്ഞ രണ്ട് തവണയും അടച്ചിട്ട മൈതാനങ്ങളിലായിരുന്നു ഐ ലീഗ് മത്സരങ്ങള്‍. അതിനാല്‍ ഇത്തവണ കാണികളുടെ വലിയ പിന്തുണ പയ്യനാട് സ്റ്റേഡിയത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്ഥാനമൊഴിഞ്ഞ ഇറ്റാലിയന്‍ കോച്ച് വിന്‍സെന്‍സോ അന്നീസിന് പകരമാണ് റിച്ചാര്‍ഡ് ടോവയെ ഗോകുലം കേരള പരിശീലകനായി നിയമിച്ചത്. അന്‍പത്തിരണ്ടുകാരനായ ടോവ കാമറൂണ്‍ ദേശീയ ടീമിന്റെ മുന്‍ താരവും യൂത്ത് ടീമുകളുടെ മുഖ്യ പരിശീലകനുമായിരുന്നു. യുവേഫ പ്രോ ലൈസന്‍സ് നേടിയ പരിശീലകനാണ് റിച്ചാര്‍ഡ് ടോവ. ഇറ്റലിക്കാരനായ അന്നീസ് 2020ല്‍ ആണ് ഗോകുലം കേരള എഫ്സിയില്‍ എത്തിയത്. ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് കന്നിക്കിരീടം 2020- 21 സീസണില്‍ സമ്മാനിച്ചതോടെയാണ് അന്നീസ് ശ്രദ്ധിക്കപ്പെട്ടത്. കോച്ചിന് കീഴില്‍ ഗോകുലം കേരള എഫ്സി 48 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 29 ജയവും 10 സമനിലയും 9 തോല്‍വിയുമായിരുന്നു ഫലം.

 

You Might Also Like