പ്രതിഫലം കൂട്ടിതരണമെന്ന് പറഞ്ഞു, വരേലയെ പുറത്താക്കി ഗോകുലം

കേരളത്തില്‍ നിന്നുളള ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ്സി അവരുടെ പരിശീലകനെ പുറത്താക്കി. അര്ജന്റീനന്‍ സ്വദേശിയായ ഫെര്‍ണാണ്ടോ വരേലയൈയാണ് ഗോകുലം പുറത്താക്കിയത്. ക്ലബ്ബില്‍ തുടരാന്‍ നിലവില്‍ ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നും വര്‍ധന ആവിശ്യപ്പെട്ടപ്പോഴാണ് ഗോകുലം വരേലയെ പുറത്താക്കിയത്.

വരേലയ്ക്ക് കീഴില്‍ ഡ്യൂറന്‍ഡ് കപ്പ് നേടി എത്തിയ ഗോകുലം ഐ ലീഗില്‍ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. കൊറോണ കാരണം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ലീഗില്‍ ആറാം സ്ഥാനത്തായിരുന്നു ഗോകുലം. 15 മത്സരങ്ങളില്‍ നിന്ന് ആറ് ജയം മാത്രം സ്വന്തമാക്കി 22 പോയന്റ് നേടാനെ കേരളത്തിന് ആയുളളു.

ഇതോടെ വരേലയുടെ സ്ഥാനം പോയേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ക്ലബ്ബിന്റെ പുതിയ കോച്ചിനായി അധികൃതര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടിട്ടുണ്ട്. ഇന്ത്യന്‍ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള ഒരു വിദേശ കോച്ചും 2 ഇന്ത്യന്‍ കോച്ചുമാരുമാണ് അന്തിമ പട്ടികയിലുള്ളത്. ബ്ലാസ്‌റ്റേഴ്‌സ് മുന്‍ പരിശീലകന്‍ എല്‍കോ ഷറ്റോരിയെ വരെ ഗോകുലം നോട്ടമിട്ടെങ്കിലും പ്രതിഫലം കുറവ് കാരണം ആ ചര്‍ച്ച മുന്നോട്ട് പോയില്ല.

കഴിഞ്ഞ ജൂലൈയിലാണു വരേല രണ്ടാം തവണ ഗോകുലത്തിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റത്. 2018ല്‍ 2 മാസം മാത്രം ടീമിനെ പരിശീലിപ്പിച്ചിരുന്നു. എന്നാല്‍, പ്രീസീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് അന്നു പുറത്തായി.

You Might Also Like