ഇന്ത്യയ്ക്ക് കേരളത്തിന്റെ മുന്നറിയിപ്പ്, ഐലീഗ് കിരീടം സ്വന്തമാക്കി ഗോകുലം

ചരിത്രം പിറന്നു. കേരളത്തിന്റെ ചുണകുട്ടികള്‍ ഫുട്‌ബോള്‍ ലോകത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. കേരളത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട ചരിത്ര സംഭവത്തിനാണ് കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഐലീഗിലെ അവസാന മത്സരത്തില്‍ കരുത്തരായ ട്രാവുവിനെ വീഴ്ത്തിയാണ് ഇതാദ്യമായി ഒരു കേരള ടീം ഐലീഗ് കിരീടം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോളുകള്‍ നേടിയാണ് ഗോകുലം അവസാന മത്സരം അവിസ്രണീയമാക്കിയത്.

മത്സരത്തിന്റെ 24-ാം മിനിറ്റില്‍ ഗോകുലത്തെ ഞെട്ടിച്ച് ബിദ്യാസാഗര്‍ സിങ് ആണ് ട്രാവുവിനായി ലീഡ് നേടിയത്. തുടര്‍ന്ന് ഗോള്‍ മടക്കാനുള്ള ഗോകുലത്തിന്റെ ശ്രമങ്ങളൊക്കെ പാളിയതോടെ ആദ്യ പകുതിയില്‍ ട്രാവുവിന് ലീഡ്.

രണ്ടാം പകുതി തുടങ്ങി 20 മിനിറ്റിലേറെ പിന്നിട്ടിട്ടും ഗോകുലത്തിന് ഗോള്‍ മടക്കാനാകാതെ വന്നതോടെ ആരാധകര്‍ പ്രതീക്ഷ ആശങ്കയിലായി. എന്നാല്‍ 70-ാം മിനിറ്റില്‍ അഫ്ഗാനിസ്ഥാന്‍ താരം ഷെരീഫ് മുഹമ്മദ് തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളിലൂടെ ഗോകുലത്തെ ഒപ്പമെത്തിച്ചു.

പിന്നീട് കണ്ടത് ഗോകുലത്തിന്റെ മറ്റൊരു മുഖമായിരുന്നു. മലയാളി താരം എമില്‍ ബെന്നിയാണ് ഇക്കുറി വലകുലുക്കിയത്. സൂപ്പര്‍താരം ഡെന്നി ആന്റ്വിയാണ് ഗോളിന് വഴിയൊരുക്കിയത്. 77-ാം മിനിറ്റില്‍ ഗോകുലം വിജയം ഉറപ്പിച്ച ആ ലീഡ് നേടി. ഇക്കുറി വലകുലുക്കിയത് ഡെന്നി ആന്റ്വി. വഴിയൊരുക്കിയത് എമില്‍ ബെന്നിയും. ഇതിനിടെ ഇഞ്ച്വറി ടൈമില്‍ ചുവപ്പുകണ്ട് ഗോകുലം താരം വിന്‍സി ബാരെറ്റോ പുറത്തായി

എന്നാല്‍ ഇതില്‍ പതറാതെ ?ഗോകുലം പൊരുതി. ഇഞ്ച്വറി ടൈമിന്റെ എട്ടാം മിനിറ്റില്‍ കീരീടനേട്ടത്തിന് മധുരം ഇരട്ടിയാക്കി ഗോകുലം നാലാം ഗോളും നേടി. മുഹമ്മദ് ഇര്‍ഷാദാണ് ഇക്കുറി വലകുലുക്കിയത്. പിന്നാലെ ഫൈനല്‍ വിസിലും മുഴങ്ങി.

You Might Also Like