10 തവണ എടികെയോട് കളിച്ചാല്‍ ഒറ്റതവണയേ ഗോകുലം ജയിക്കൂ, കേരള ക്ലബിനെതിരെ ഇന്ത്യന്‍ കോച്ച് സ്റ്റിമാച്

ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സിയെ രൂക്ഷമായി പരിഹസിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്. 10 തവണ എടികെ മോഹന്‍ ബഗാനോട് കളിച്ചാലും ഗോകുലം കേരള ഒരു തവണയേ ജയിക്കൂ എന്നാണ് ഇന്ത്യന്‍ പരിശീകന്‍ ഇഗോര്‍ സ്റ്റിമാച് പരിഹസിച്ചത്.

ഐഎലീഗ് താരങ്ങളെയും ദേശീയ ടീമിലേക്ക് പരിഗണിക്കണമെന്ന ഗോകുലം കേരള പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസെയുടെ ആവശ്യത്തോടാണ് ഇന്ത്യന്‍ പരിശീലകന്റെ രൂക്ഷ പരിഹാസം.

‘ഐലീഗില്‍ ഗോകുലം കേരളയ്ക്ക് നല്ല സീസണായിരുന്നു ഇത്. സത്യാവസ്ഥ എന്തെന്നാല്‍, 10 തവണ എടികെ മോഹന്‍ ബഗാനോട് കളിച്ചാലും ഗോകുലം കേരള ഒരു തവണയേ ജയിക്കൂ. അതുകൊണ്ട് തന്നെ മോഹന്‍ ബഗാനെതിരായ ഗോകുലത്തിന്റെ വിജയം കാര്യമാക്കേണ്ടതില്ല’ സ്റ്റിമാച് പറഞ്ഞു.

‘ഗോകുലം പരിശീലകന്‍ പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചു. ഐലീഗിലെ ഏത് പരിശീലകനും സ്വന്തം ടീമിലെ താരങ്ങള്‍ ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ യോഗ്യരാണെന്ന് പറയും. അതില്‍ അത്ഭുതം ഇല്ല’ സ്റ്റിമാച് കൂട്ടിച്ചേര്‍ത്തു.

എഎഫ്‌സി കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിലാണ് ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എടികെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗോകുലം കേരള കെ മോഹന്‍ ബഗാനെ തകര്‍ത്തത്. ഗോകുലത്തിനായി ലൂക്ക മാന്‍സണ് ഇരട്ടഗോള്‍ നേടി. റിഷാദ് പി പിയും ജിതിന്‍ എം എസും ഓരോ ഗോളും നേടി.

 

You Might Also Like