നേപ്പാളില്‍ നിന്ന് മലയാളി താരത്തെ സ്വന്തമാക്കി ഗോകുലം കേരള

മലയാളി താരം മുഹമ്മദ് ആസിഫുമായി കരാര്‍ ഒപ്പിച്ച് കേരളത്തില്‍ നിന്നുളള ഏക ഐലീഗക്ലബായ ഗോകുലം കേരള. രണ്ട് വര്‍ഷത്തേക്കാണ് ആസിഫുമായി ഗോകുലം കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 2019ല്‍ നേപ്പാളി ക്ലബ് മനാന്‍ഗ് മാര്‍ഷാംഗ്ഡിയ്ക്കായി കളിച്ച താരമാണ് ആസിഫ്.

സ്വന്തം നാട്ടിലെ ഒരു ക്ലബിന് വേണ്ടി ബൂട്ടികെട്ടാന്‍ ആകും എന്നതില്‍ സന്തോഷം ഉണ്ട് എന്നും മലബാറിയന്‍സിനു വേണ്ടി കളിക്കാന്‍ ആകുന്നത് അഭിമാനമായി കരുതുന്നു എന്നും ആസിഫ് കരാര്‍ ഒപ്പുവെച്ച ശേഷം പറഞ്ഞു.

നേപ്പാളി ക്ലബിനായി എഎഫ്സി കപ്പ് ഗ്രൂപ്പ് സ്റ്റേജിലും ആസിഫ് പന്ത് തട്ടിയിരുന്നു. ഇതോടെ വിദേശ ക്ലബിനായി എഎഫ്സി കപ്പില്‍ പന്തുതട്ടിയ ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും ആസിഫ് സ്വന്തമാക്കിയിരുന്നു. സെന്റര്‍ ബാക്കാണ് ആസിഫിന്റെ പൊസിഷന്‍. ഐലീഗില്‍ മിനര്‍വ്വ പഞ്ചാബിലും ചെന്നൈയിന്‍ എഫ്സിയിലും പന്ത് തട്ടിയ ശേഷമാണ് ആസിഫ് നേപ്പാള്‍ ക്ലബിലേക്ക് ചേക്കേറിയത്. എഎഫ്സി കപ്പില്‍ ആസിഫിന്റെ നേപ്പാളി ക്ലബ് ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.

മുഹമ്മദ് ആസിഫ്, ഇമേജ് ക്രെഡിറ്റ്: ഖേല്‍ നൗ

തുടര്‍ന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ താരം സ്പോട്സ് അക്കാദമി തിരൂരിനായി കേരള പ്രീമിയര്‍ ലീഗില്‍ പന്ത് തട്ടി. അവിടെ നിന്നാണ് ഗോകുലം ആസിഫിനെ സ്വന്തമാക്കുന്നത്.

കേരള പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് ആസിഫിനെ ഗോകുലത്തിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഗോകുലം വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡ്യൂറാന്റ് കപ്പില്‍ കിരീടം നേടാനായെങ്കിലും കോവിഡ് മൂലം റദ്ദാക്കിയ ഐലീഗില്‍ 15 മത്സരങ്ങളില്‍ നിന്ന് 20 പോയന്റ് മാത്രമേ നേടാനായുളളു.

അടുത്ത ഐലീഗിനായി മികച്ച ഒരുക്കങ്ങളാണ് ഗോകും നടത്തുന്നത്. അടുത്തിടെ ട്രായുവില്‍ നിന്ന് യുവഗോള്‍ കീപ്പര്‍ ഷയാന്‍ റോയിയെ ഗോകുലം സ്വന്തമാക്കിയിരുന്നു.

You Might Also Like