“ഇതൊരു വിടവാങ്ങലല്ല, ബാഴ്‌സയിലേക്ക് തിരിച്ചു വരും”- നിറകണ്ണുകളോടെ കരിയർ അവസാനിപ്പിച്ച് ജെറാർഡ് പിക്കെ

യുഡി അൽമേരിയയും ബാഴ്‌സലോണയും തമ്മിൽ ഇന്നലെ നടന്ന ലാ ലിഗ മത്സരം ജെറാർഡ് പിക്കെയുടെ കരിയറിലെ അവസാനത്തെ മത്സരമായിരുന്നു. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ ഒട്ടനവധി വർഷങ്ങൾ നീണ്ട, നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ തന്റെ ഐതിഹാസിക കരിയർ അവസാനിപ്പിക്കുകയാണെന്ന് പീക്കെ വെളിപ്പെടുത്തിയത്. താരം ഈ സീസണു ശേഷം വിരമിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും സീസണിന്റെ ഇടയിൽ വിടപറയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

ക്യാമ്പ് നൂവിലെ താരത്തിന്റെ അവസാനത്തെ മത്സരം കാണാൻ ഏതാണ്ട് 92000 കാണികളാണ് എത്തിയിരുന്നത്. ബാഴ്‌സലോണക്കൊപ്പം മൂന്നു ചാമ്പ്യൻസ് ലീഗും എട്ടു ലാ ലിഗയുമടക്കം ഒട്ടനവധി കിരീടങ്ങൾ സ്വന്തമാക്കിയ താരത്തിന് മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആരാധകർ പിന്തുണ നൽകി. മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം എൺപത്തിയഞ്ചു മിനുട്ട് കളിച്ചിരുന്നു. അതിനു ശേഷം ക്രിസ്റ്റിൻസെൻ താരത്തിന് പകരം കളത്തിലിറങ്ങി.

മത്സരത്തിന് ശേഷം നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ നിറകണ്ണുകളോടെയാണ് പിക്കെ ഉണ്ടായിരുന്നത്. എല്ലാവർക്കും നന്ദി പറഞ്ഞ താരം മനോഹരമായ ഈ ബന്ധം ഉപേക്ഷിക്കാൻ സമയമായെന്നും താൻ ക്ലബ്ബിലേക്ക് തന്നെ ഭാവിയിൽ തിരിച്ചു വരുമെന്നും പറഞ്ഞു. ഇതൊരിക്കലും ഒരു വിടവാങ്ങലായി കണക്കാക്കാൻ കഴിയില്ലെന്നും ഇവിടെ ജനിച്ചു വീണ താൻ ഇവിടെ തന്നെ മരിക്കുമെന്നും താരം വ്യക്തമാക്കി.

2008 മുതൽ ബാഴ്‌സലോണ ഫസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമാണ് ജെറാർഡ് പിക്കെ. ക്ലബിനൊപ്പം നേടിയ കിരീടങ്ങൾക്കു പുറമെ ലോകകപ്പ്, യൂറോ കപ്പ് എന്നിവ നേടിയ സ്പെയിൻ ടീമിലും താരം പ്രധാനിയായിരുന്നു. ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്ന താരം ഇനി ബിസിനെസ്സ് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭാവിയിൽ ബാഴ്‌സലോണ പ്രസിഡന്റായി പിക്കെ എത്താനും വളരെയധികം സാധ്യതയുണ്ട്.

അതേസമയം പിക്കെയുടെ വിടവാങ്ങൽ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. ഒസ്മാനെ ഡെംബലെ, ഫ്രങ്കീ ഡി ജോംഗ് എന്നിവരാണ് ക്ലബിനായി ഗോളുകൾ നേടിയത്. ഇതോടെ നിലവിൽ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണെങ്കിലും ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡിന് ബാഴ്‌സയെ മറികടക്കാനുള്ള അവസരമുണ്ട്.

You Might Also Like