അടുത്ത മത്സരത്തിനു ശേഷം ഫുട്ബോൾ അവസാനിപ്പിക്കും, വിടവാങ്ങൽ പ്രഖ്യാപിച്ച് ജെറാർഡ് പിക്വ

ബാഴ്‌സലോണ കണ്ട എക്കാലത്തെയും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ ജെറാർഡ് പിക്വ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്നു. അൽമേരിയയും ബാഴ്‌സലോണയും തമ്മിൽ ശനിയാഴ്‌ച നടക്കുന്ന സ്‌പാനിഷ്‌ ലീഗ് മത്സരം തന്റെ ഫുട്ബോൾ കരിയറിൽ അവസാനത്തേതാകുമെന്ന് മുപ്പത്തിയഞ്ചു വയസുള്ള താരം അറിയിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌ത വൈകാരികമായ വീഡിയോ സന്ദേശത്തിലൂടെയാണ് ഫുട്ബോൾ കരിയറിനും ബാഴ്‌സലോണ കാരിയാറിനും അവസാനം കുറിക്കുന്ന കാര്യം പിക്വ വ്യക്തമാക്കിയത്.

ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ചെറുപ്പം മുതൽ ബാഴ്‌സയോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ച് ജെറാർഡ് പിക്വ വ്യക്തമാക്കുന്നുണ്ട്. ക്ലബിനൊപ്പം കരിയർ ആരംഭിച്ചതും അതിനു ശേഷം ക്ലബ് വിട്ട് വീണ്ടും തിരിച്ചെത്തിയതും പറയുന്ന താരം ബാഴ്‌സക്കൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയതിനെക്കുറിച്ചും പറയുന്നു. ക്ലബിന്റെ നായകനാവാനും നിരവധി സുഹൃത്തുക്കളെയുണ്ടാക്കാനും കഴിഞ്ഞതിനെ കുറിച്ചും പറയുന്ന ജെറാർഡ് പിക്വ കരിയറിൽ മറ്റൊരു ടീമിനായി ഇനി കളിക്കില്ലെന്നും പറഞ്ഞാണ് വിടവാങ്ങൽ പ്രഖ്യാപിക്കുന്നത്.

2008 മുതൽ ബാഴ്‌സലോണ സീനിയർ ടീമിനായി കളിക്കുന്ന ജെറാർഡ് പിക്വ സാധ്യമായ നേട്ടങ്ങളെല്ലാം ക്ലബിനൊപ്പം സ്വന്തമാക്കിയ കളിക്കാരനാണ്. എട്ടു ലാ ലിഗ കിരീടങ്ങളും മൂന്നു ചാമ്പ്യൻസ് ലീഗുമടക്കം ഒട്ടനവധി കിരീടങ്ങൾ ക്ലബിനൊപ്പം നേടിയ താരം അതിനു പുറമെ സ്പെയിൻ ടീമിനൊപ്പം യൂറോ കപ്പും ലോകകപ്പും നേടി. ഈ സീസണിൽ ബാഴ്‌സയിൽ അവസരങ്ങൾ കുറഞ്ഞ താരം ക്ലബ് വിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സീസണിന്റെ ഇടയിൽ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നതാണ് സത്യം.

You Might Also Like