മറുപടി കളത്തില്‍ നല്‍കും, ബ്ലാസ്റ്റേഴ്‌സിന് ഹൂപ്പറുടെ ഉറപ്പ്
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അവിശ്വസനീയമായ പിന്തുണയ്ക്ക് ഗോളുകളിലൂടെ മറുപടി നല്‍കുമെന്ന് ബ്ലാസ്റ്റേഴ്‌സിലെത്തിയ സ്റ്റാര്‍ സ്‌ട്രെക്കര്‍ ഗാരി ഹൂപ്പര്‍. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹൂപ്പര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബ്ലാസ്റ്റേഴ്‌സിലേക്ക് ക്ഷണമെത്തിയപ്പോള്‍ അന്വേഷിച്ചത് ക്ലബിന്റേയും ഐഎസ്എല്ലിന്റേയും ചരിത്രമാണെന്നും അത് തനിയ്ക്ക് പ്രചോതനമായതായും ഹൂപ്പര്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ തന്നെ പിന്തുടരുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് പുതിയ ഫോളോവേഴ്‌സെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
സാമൂഹിക മാധ്യമങ്ങളില്‍ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിച്ചത് തനിക്കുള്ള ഊഷ്മള സ്വീകരണമാണെന്ന് മനസ്സിലാക്കുന്നതായും കളത്തിലെ പ്രകടനം കൊണ്ട് അവരുടെ സ്‌നേഹത്തിനു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഹൂപ്പറിന്റെ വാക്കുകള്‍ വായിക്കാം
‘കോച്ച് കിബു വിക്കൂനയുടെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയില്ല. ഇപ്പോള്‍ പ്രധാനലക്ഷ്യം ശരീരക്ഷമത നേടുകയാണ്. അതിനു ക്ലബ് എനിക്കൊരു ഫിറ്റ്‌നസ് പ്രോഗ്രാം തന്നിട്ടുണ്ട്. അതില്‍ മുഴുകിയിരിക്കുന്നു.
ബ്ലാസ്റ്റേഴ്‌സില്‍നിന്ന് വിളി വന്നപ്പോള്‍ ഞാന്‍ അന്വേഷിച്ചത് ക്ലബ്ബിന്റെ ചരിത്രമാണ്. പിന്നെ ഐഎസ്എലിന്റെ ചരിത്രവും. വലിയ ആരാധകപിന്തുണയുള്ള, കളിയെക്കുറിച്ച് ഏറെ ആവേശമുള്ള ക്ലബ്. അതുതന്നെയാണ് ബ്ലാസ്റ്റേഴ്‌സില്‍ ചേരാന്‍ പ്രേരിപ്പിച്ചത്.
സമൂഹമാധ്യമങ്ങളില്‍ എന്നെ പിന്തുടരുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് പുതിയ ഫോളോവേഴ്‌സ്. എനിക്കുള്ള ഊഷ്മള സ്വീകരണമാണ് അതെന്നു മനസ്സിലാക്കുന്നു. കളത്തിലെ പ്രകടനം കൊണ്ട് അവരുടെ സ്‌നേഹത്തിനു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നു.
മഞ്ഞപ്പടയെക്കുറിച്ച് ഏറെ കേട്ടിരിക്കുന്നു. പക്ഷേ പക്ഷേ, അവരുടെ വിഡിയോയൊന്നും ഇതുവരെ കാണാന്‍ പറ്റിയില്ല. മുന്‍ സീസണ്‍ ദൃശ്യങ്ങള്‍ തീര്‍ച്ചയായും കാണും. വൈകില്ല, ഞാനെത്തും. വിസയ്ക്കായി കാത്തിരിക്കുകയാണ്’