ഇനി കളി പ്രീമിയർലീഗിൽ, ലണ്ടനിലേക്ക് പറന്ന് ഗാരെത് ബെയ്ൽ

റയൽ മാഡ്രിഡ്‌ സൂപ്പർ താരം ഗാരെത് ബെയ്ൽ റയൽ മാഡ്രിഡ്‌ വിടുമെന്നു ഒരുവിധം ഉറപ്പായിരിക്കുകയാണ്. ഗാരെത് ബെയ്ൽ ക്ലബ് വിടുന്നുവെന്ന വാർത്ത പ്രമുഖ ഇറ്റാലിയൻ ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊ സ്ഥിരീകരിച്ചിരിക്കുകയാണ്. താരത്തിന്റെ മുൻ ക്ലബായ ടോട്ടനം ഹോട്സ്പറിലേക്കാണ് താരം ചേക്കേറുക. നാളെ താരം ലണ്ടനിലേക്ക് പറക്കുമെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.

തന്റെ സഹതാരങ്ങളോട് വിടപറയാൻ ബെയ്ൽ റയൽ മാഡ്രിഡിന്റെ പരിശീലനമൈതാനത്തെത്തിയിരുന്നു. തുടർന്ന് തന്റെ സഹതാരങ്ങളെ കാണുകയും റയൽ മാഡ്രിഡ്‌ വിടുന്ന കാര്യം എല്ലാവരോടും താരം വെളിപ്പെടുത്തുകയും ചെയ്തു. മുമ്പ് റയലിന്റെ പരിശീലനമത്സരത്തിനിടെ നേരത്തെ സ്ഥലം കളിയാക്കിയതിനു ബെയ്ലിനു വൻ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.

താരത്തെ ക്ലബ്ബിൽ എത്തിച്ച കാര്യം ഉടൻതന്നെ ടോട്ടനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ക്ലബ് വിടാൻ താരത്തിന് റയൽ മാഡ്രിഡ്‌ അനുമതി നൽകിയിരുന്നു. ഒപ്പം ബെയ്ൽ റയലിൽ നിന്നും മെഡിക്കൽ പൂർത്തിയാക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും ഉടൻ കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു വർഷത്തെ ലോണിൽ ആയിരിക്കും ബെയ്ൽ ടോട്ടനത്തിലേക്ക് ചേക്കേറുക.

താരത്തെ സ്വന്തമാക്കാൻ പരിശീലകനായ ജോസെ മൗറിഞ്ഞോയും അനുമതി നൽകിയിരുന്നു. മാത്രമല്ല താരത്തിന്റെ സാലറിയുടെ പകുതി റയൽ മാഡ്രിഡ്‌ നൽകാമെന്നും വാഗ്ദാനം നൽകിയാണ് ടോട്ടനത്തിലേക്ക് കരാറാവുന്നത്. 2013-ലായിരുന്നു റയൽ മാഡ്രിഡ്‌ ഭീമൻ തുക നൽകി ടോട്ടനത്തിൽ നിന്നും ബെയ്‌ലിനെ സ്വന്തമാക്കിയത്. തുടക്കത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച താരം പിന്നീട് പരിക്കിന്റെ പിടിയിലായതിനാൽ റയലിൽ അവസരങ്ങൾ നഷ്ടമാവുകയായിരുന്നു.

You Might Also Like