അതി ദയനീയം ചെല്‍സി, വരുന്നവരും പോകുന്നവരുമെല്ലാം കൊട്ടുന്നു; ജാവോ ഫെലിക്‌സിന് അരങ്ങേറ്റത്തില്‍ ചുവപ്പ് കാര്‍ഡും വിലക്കും

പുതിയതാരങ്ങളെ ഉള്‍പ്പെടുത്തിയും ഫോര്‍മേഷനില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തിയും പ്രീമിയര്‍ലീഗ് ഫുട്‌ബോളിലേക്ക് ശക്തമായി തിരിച്ചുവരാനുള്ള ചെല്‍സിയുടെ ശ്രമങ്ങളെല്ലാം പരാജയമാകുന്നു. ഓരോ മത്സരം കഴിയുത്തോറും തീര്‍ത്തും ദുര്‍ബലമായി മുന്‍ ചാമ്പ്യന്‍മാര്‍. ഫുള്‍ഹാമിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടങ്ങിയതോടെ ചെല്‍സി പോയന്റ് പട്ടികയില്‍ മുന്നോട്ട് വരാനുള്ള വഴികളടയുന്നു.


അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് കഴിഞ്ഞദിവസം മാത്രം ലോണില്‍ ടീമിലെത്തിച്ച യുവതാരം ജാവോ ഫെലിക്‌സിന് ആദ്യഇലവനില്‍ സ്ഥാനം നല്‍കിയെങ്കിലും മാറ്റംകൊണ്ടുവരാനായില്ല. ആദ്യകളിയില്‍തന്നെ ചുവപ്പ് കാര്‍ഡ് വാങ്ങിയ ഫെലിക്‌സ് മൂന്ന് മത്സരങ്ങളില്‍ വിലക്കും നേരിട്ടു. വില്യനിലൂടെ 25ാം മിനിറ്റില്‍ ഫുള്‍ഹാം മുന്നിലെത്തി. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ചെല്‍സി പ്രതിരോധതാരം കുലിബാലി സമനിലപിടിച്ചു. ഇതിനിടെ 58ാം മിനിറ്റില്‍ മാരകഫൗള്‍ ചെയ്ത ഫെലിക്‌സിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. ഫെലിക്‌സ് മടങ്ങിയതോടെ താളംതെറ്റിയ നീലപട രണ്ടാംഗോള്‍വഴങ്ങി മത്സരവും മൂന്ന് പോയന്റും നഷ്ടപ്പെടുത്തി. കഴിഞ്ഞദിവസം മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ തുടരെ രണ്ട് മത്സരങ്ങളിലും ചെല്‍സി തോറ്റിരുന്നു. തുടര്‍തോല്‍വിയോടെ ചെല്‍സി പരിശീലകന്‍ ഗ്രഹാംപോട്ടറിന്റെ രാജിക്കായി മുറവിളിയുയര്‍ന്നിട്ടുണ്ട്.


2006ന് ശേഷം ആദ്യമായാണ് ചെല്‍സി ഫുള്‍ഹാമിനെതിരെ തോല്‍ക്കുന്നത്. ജയത്തോടെ പോയന്റ് ടേബിളില്‍ 19 കളിയില്‍ ഒന്‍പത് ഗോളും നാല് സമനിലയും ആറുതോല്‍വിയുമായി 31 പോയന്റുമായി ഫുള്‍ഹാം ആറാംസ്ഥാനത്തേക്കുയര്‍ന്നു. 18 കളിയില്‍ ഏഴ് ജയവും നാല് സമനിലയും ഏഴ് തോല്‍വിയുമടക്കം 25 പോയന്റുള്ള ചെല്‍സി പത്താമതാണ്. ആഴ്‌സനലാണ് 44 പോയന്റുമായി ഒന്നാമത്. മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും ന്യൂകാസില്‍ മൂന്നാമതും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാംസ്ഥാനത്തുംനില്‍ക്കുന്നു. ടോട്ടനമാണ് അഞ്ചാമത്.

 

You Might Also Like