മെസി ഞങ്ങളോടൊപ്പമുള്ളത് ആത്മവിശ്വാസം കൂട്ടുന്നു, വെളിപ്പെടുത്തി ഫ്രെങ്കി ഡി ജോങ്
ലോകത്തിലെ ഏറ്റവും മികച്ചതാരമായ ലയണൽ മെസി തങ്ങളുടെ ഒപ്പമുള്ളത് കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബാഴ്‌സലോണ മധ്യനിരതാരം ഫ്രെങ്കി ഡി ജോങ്. ഇന്നലെ ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചാമ്പ്യൻസ്‌ലീഗിൽ ബയേണിനെതിരായ മത്സരത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചത്.
ചാമ്പ്യൻസ് ലീഗിലെ ഫേവറേറ്റുകളിൽ ഒന്നാണ് തങ്ങളെങ്കിലും ആരാണ് മികച്ചതെന്ന് ഈ മത്സരത്തോട് കൂടി അറിയാൻ സാധിക്കുമെന്നും ഡി ജോങ് അഭിപ്രായപ്പെട്ടു. നാപോളിക്കെതിരായുള്ള വിജയം തങ്ങൾക്ക് വലിയ തോതിലുള്ള ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്നും ബാഴ്സയിപ്പോഴും വളരെ ശക്തമായ ടീം തന്നെയാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
“നാപോളി വളരെ ബുദ്ധിമുട്ടേറിയ എതിരാളികളായിരുന്നു. എന്നാൽ ഞങ്ങൾ നല്ല രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തു. തീർച്ചയായും ആ ജയം ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ബയേൺ തീർച്ചയായും മികച്ച ടീമാണ്. എന്നാൽ ആരാണ് മികച്ചതെന്ന് വെള്ളിയാഴ്ച്ചത്തെ മത്സരത്തോട് കൂടി അറിയാം. ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സി ഞങ്ങളോടൊപ്പമുണ്ട്. അത് ഞങ്ങൾക്ക് വലിയ മുൻതൂക്കമാണ് നൽകുന്നത്.”
“നല്ല മധ്യനിരതാരങ്ങൾ അടങ്ങിയ ശക്തമായ ടീമാണ് ബാഴ്സ. സെർജിയോ ബുസ്ക്കെറ്റ്സ് എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. റിക്കി പുജ് വളരെയധികം പ്രതിഭാശാലിയായ കളിക്കാരനാണ്. ലാമാസിയയിൽ നിന്നും വന്ന മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹവും. ബാഴ്സയോടൊപ്പം ചേരാൻ നിൽക്കുന്ന പ്യാനിച്ച് മികച്ച താരമാണ്. കഴിഞ്ഞ സീസണിൽ ഞാൻ അദ്ദേഹത്തിനെതിരെ കളിച്ചിരുന്നു. ടീമിനെ ശക്തമാക്കാൻ അദ്ദേഹത്തിന്റെ വരവോടെ കഴിയും” ഡി ജോങ് വ്യക്തമാക്കി