എംബാപ്പെ നെയ്മറെ അനുകരിക്കാൻ ശ്രമിക്കുന്നു, അതാണ് താരത്തിന്റെ പ്രശ്നമെന്നു ഫ്രഞ്ച് ഇതിഹാസം

പിഎസ്‌ജിയിൽ തന്റെ പഴയ മികവിലേക്ക് ഉയരാനാവാതെ ബുദ്ദിമുട്ടുന്ന സൂപ്പർതാരമാണ് കിലിയൻ എംബാപ്പെ. ബ്രസീലിയൻ സൂപ്പർതാരം നെയ്മറിനൊപ്പം മികച്ച കൂട്ടുകേട്ടോടെ കളിക്കളം വന്നിരുന്ന എംബാപ്പെക്ക് നെയ്മറിന്റെ അസാന്നിധ്യത്തിൽ ടീമിനെ കൈപിടിച്ചുയർത്താൻ പഴയ പോലെ സാധിക്കുന്നില്ലെന്നതാണ് വസ്തുത. മൗറിസിയോ പൊചെട്ടിനോ നിയമിതനായതിനു ശേഷം നടന്ന ആദ്യമത്സരത്തിൽ പിഎസ്‌ജിക്ക് വേണ്ടി ഗോളുകൾ കണ്ടെത്താൻ എംബാപ്പെ വിഷമിച്ചിരുന്നു.

പതിനാലാം സ്ഥാനക്കാരായ സെയിന്റ് എറ്റിയെന്നെക്കെതിരെ സമനില വഴങ്ങിയ മത്സരത്തിനു ശേഷം എംബാപ്പെ ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് പൊചെട്ടിനോ അഭിപ്രായപ്പെട്ടത്. എന്നാൽ ഫ്രഞ്ച് ഇതിഹാസവും 1998 ലോകകപ്പ് ജേതാവുമായ ഇമ്മാനുവേൽ പെറ്റിറ്റിനു ചൂണ്ടിക്കാണിക്കാനുള്ളത് മറ്റൊരു കാരണമാണ്. ആർഎംസി സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ശരീരികമായും മാനസികമായുമുള്ള പ്രശ്നങ്ങളിലുപരി എനിക്കു അനുഭവപ്പെട്ട ഒരു കാര്യം ഇതെല്ലാം അവന്റെ തലച്ചോറുമായി കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നതാണ്. അവൻ ഒന്ന് പിറകിലേക്ക് വലിഞ്ഞ് വീണ്ടും പുനർജനിക്കേണ്ടതായിട്ടുണ്ട്. ഇത് എല്ലാ കളിക്കാർക്കും സംഭവിക്കുന്ന ഒന്നാണ്. അവന്റെ ശരീരികമായ മനോഭാവം പോസിറ്റീവ് ആയിട്ടല്ല എനിക്ക് തോന്നിയിട്ടുള്ളത്. “

“എനിക്ക് തോന്നുന്നു അവൻ ഒരു നെയ്മറായി പരിണമിക്കാൻ ശ്രമിച്ചുവെന്നാണ്. നെയ്മർ എന്താണോ കളിക്കളത്തിൽ ചെയ്യുന്നത് അത് ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ്. എന്നാൽ നെയ്മറിന്റെ ഗുണഗണങ്ങൾ അവനില്ലതാനും. എനിക്ക് തോന്നുന്നത് അവന്റെ പ്രധാനഗുണമായ വേഗത എതിരാളികൾ മനസിലാക്കിയെടുത്തുവെന്നാണ്. ഈ പയ്യന്റെ പ്രധാനപ്രത്യേകത നേതൃത്വഗുണമല്ല മറിച്ച് വേഗതയോടെ കളിക്കാനാവുമെന്നതാണ്.” പെറ്റിറ്റ് അഭിപ്രായപ്പെട്ടു.

You Might Also Like