ലിവർപൂൾ സ്റ്റാഫുകളുടെ അഹങ്കാരം, രോഷാകുലനായി ലാംപാർഡ്

സുപ്രധാന മത്സരത്തിൽ  ലിവര്പൂളുമായി  5-3നു  തോൽവിയറിയേണ്ടി വന്നെങ്കിലും ലിവർപൂൾ  സ്റ്റാഫുകളുടെ പ്രവർത്തികളിൽ രോഷാകുലനായാണ് ചെല്‍സി പരിശീലകന്‍ ഫ്രാങ്ക് ലാംപാർഡ് ഡ്രസിങ് റൂമിലേക്ക്‌ മടങ്ങിയത്. ലിവർപൂളുമായി പരാജയമേറ്റുവാങ്ങിയതോടെ പോയിന്റ് ടേബിളിൽ യുണൈറ്റഡിനു താഴെയായി നാലാംസ്ഥാനത്താണ് ചെൽസി.

ലിവർപൂളിന് വേണ്ടി നാബി കീറ്റ, ജോർജിനിയോ വൈനാൽഡം,അലക്സാണ്ടർ അർണോൾഡ്, ബോബി ഫിർമിനോ, ഓക്സ്ലാഡ്‌ ചേമ്പർലൈൻ എന്നിവർ ഗോൾ നേടിയപ്പോൾ ഒലിവർ ജിറൂദ്, പുലിസിച്ച്, ടമ്മി എബ്രഹാം എന്നിവരിലൂടെ ചെൽസി തിരിച്ചു വരവ് നടത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ്‌ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

മത്സരത്തിനിടെ ലാംപാർഡും ക്ളോപ്പും ചെറിയതോതിൽ വാഗ്വാദം ഉണ്ടായെങ്കിലും ബെഞ്ചിലുണ്ടായിരുന്ന ലിവർപൂൾ സ്റ്റാഫുകളുടെ പ്രകടനങ്ങൾ ലാംപാർടിനെ രോഷാകുലനാക്കുകയായിരുന്നു. എങ്കിലും മത്സര ശേഷം ഡ്രസിങ് റൂമിൽ ചെന്നു ലിവർപൂൾ താരങ്ങളെ അഭിനന്ദിക്കാനും ലാംപാർഡ് മറന്നില്ല.

“എനിക്ക് ക്ളോപ്പുമായി യാതൊരു പ്രശ്നവുമില്ല. അദ്ദേഹം ആ ടീമിനെ നല്ല പോലെ പരിശീലിപ്പിക്കുന്നു. അത് മികച്ച കാര്യമാണ്. ബെഞ്ചിലിരുന്ന ചിലരെ ഉദ്ദേശിച്ചു മാത്രമാണ്- അവർ ജയിച്ചുകൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ ലീഗ് മുമ്പേ വിജയിച്ചിട്ടും ബെഞ്ചിലിരുന്നുകൊണ്ട് കൂടുതലായി അഹങ്കാരം കാണിക്കരുതെന്നു മാത്രമേ പറയാനുള്ളൂ.” മത്സര ശേഷം ലിവർപൂൾ സ്റ്റാഫുകളുടെ പ്രവർത്തികളെക്കുറിച്ച് ലാംപാർഡ് സ്കൈ സ്പോർട്സിനോട് അഭിപ്രായപ്പെട്ടു.

You Might Also Like