ഹബാസിന് വേണ്ടങ്കില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാം, സ്പാനിഷ് സൂപ്പര്‍ താരം പറയുന്നു

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരവ് സൂചിപ്പിച്ച് മോഹന്‍ ബഗാനെ കഴിഞ്ഞ സീസണില്‍ ഐലീഗ് ചാമ്പ്യന്‍മാരാക്കിയ സ്പാനിഷ് സൂപ്പര്‍ താരം ഫ്രാന്‍ ഗോണ്‍സാലസ്. എടികെ മോഹന്‍ ബഗാന്‍ പരിശീലകന്‍ ഹബാസ് തനിക്ക് ഓഫര്‍ നല്‍കിയില്ലെങ്കില്‍ കിബു വികൂനയ്ക്ക് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ തയ്യാറാണെന്നാണ് ഫ്രാന്‍ ഗോണ്‍സാലസ് തുറന്ന് പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ലൈവ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍ ഗോണ്‍സാലസ്.

മോഹന്‍ ബഗാന്റെ ബദ്ധവൈരികളായ ഈസ്റ്റ് ബംഗാളിനായി കളിക്കില്ലെന്നും ഗോണ്‍സാലസ് മോഹന്‍ ബഗാന്‍ ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നു. ഈസ്റ്റ് ബംഗാളില്‍ നിന്നുളള ഓഫര്‍ തനിക്കുണ്ടെന്ന് വ്യക്തമാക്കിയാണ് ഗോണ്‍സാലസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എടികെ മോഹന്‍ ബഗാന്‍ അവരുടെ ആറ് വിദേശ സൈനിംഗ് ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു. നിലവില്‍ കഴിഞ്ഞ സീസണില്‍ കളിച്ച റോയ് കൃഷ്ണ അടക്കമുളള അഞ്ച് വിദേശ താരങ്ങളെ എടികെ മോഹന്‍ബഗാന്‍ നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ ബ്ലാസ്റ്റേഴ്സുമായി തെറ്റിപിരിഞ്ഞെത്തിയ തിരിയെയും എടികെ സ്വന്തമാക്കിയിരുന്നു. തിരിയുടെ അനൗണ്‍സ്മെന്റ് ഉടന്‍ തന്നെ ഉണ്ടാകും. ഇതിന് പുറമെ ഒരു സ്ഥാനമാണ് അവശേഷിക്കുന്നത്.

പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ആഴ്സണലിലൂടെ പ്രെഫഷണല്‍ ഫുട്ബോള്‍ കളിച്ച് തുടങ്ങിയ ക്രിസ്റ്റഫര്‍ സ്റ്റോക്സിന്റെ പേരാണ് ആ സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നത്. ഇതോടെ ഫ്രാനെ ഉള്‍കൊള്ളാനും എടികെ മോഹന്‍ ബഗാനാകില്ല. അങ്ങനെയെങ്കിലും ഫ്രാന്റെ രണ്ടാമത്തെ പരിഗണന കേരള ബ്ലാസ്റ്റേഴ്‌സ് ആയിരിക്കും.

റയല്‍ മഡ്രിഡിന്റെ അക്കാദമിയിലൂടെ വളര്‍ന്ന ഫ്രാന്‍ ഗോണ്‍സാലെസ് കഴിവുറ്റ മിഡ് ഫീല്‍ഡറാണ്. 31കാരനായ സ്പാനിഷ് താരം ലാലിഗയില്‍ റയല്‍ സരഗോസ, ഡിപോര്‍ട്ടീവോ ടീമുകളില്‍ കളിച്ചാണ് ഇന്ത്യയിലെത്തിയത്. 31കാരനായ താരം സെന്റര്‍ ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും കളിക്കാന്‍ കഴിവുള്ള താരമാണ്. എന്നാല്‍ ബഗാനില്‍ അറ്റാക്കിംഗ് മിഡായിട്ടായിരുന്നു ഗോണ്‍സാലസ് കളിച്ചത്

ഫ്രാനെ കൂടാതെ മോഹന്‍ ബഗാനിലെ കിബുവിന്റെ ശിഷ്യനായ ഹോസെബ ബെയ്റ്റിയയും ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് സൂചനയുണ്ട്. ബെയ്റ്റിയക്ക് ബ്ലാസ്റ്റേഴ്‌സ് ഓഫര്‍ നല്‍കിയിട്ടുണ്ടെങ്കിലും താരം ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല.

You Might Also Like