കാറ്റാലൻ താരമായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ? സുവാരസിനെ പുറത്താക്കിയതിനെക്കുറിച്ച് മുൻ റയൽ താരം
സൂപ്പർതാരം ലൂയിസ് സുവാരസിനോട് ബാഴ്‌സ ചെയ്തത് ഇരട്ടത്താപ്പാണെന്നാണ് മുൻ റയൽ മാഡ്രിഡ് ഉറുഗ്വായൻ താരം പാബ്ലോ ഗാർഷ്യയുടെ അഭിപ്രായം. സുവാരസിനെ ബാഴ്‌സ ഒഴിവാക്കിയ രീതി വളരെ മോശമായിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതു ഇതിഹാസസമാനമായ പ്രകടനം കാഴ്ച വെച്ച താരത്തിനോട് ഇങ്ങനെ ഇരട്ടത്താപ്പ് കാണിച്ചതിൽ ബാഴ്‌സക്ക് കുറ്റബോധം തോന്നുന്നില്ലേയെന്നാണ് അദ്ദേഹത്തിനെ ചോദ്യം.
അത്ലറ്റിക്കോ ട്രാൻസ്ഫറിന്റെ സങ്കീർണതകൾ പരിഹരിക്കാൻ സുവാരസ് ബാഴ്സയുമായി ചർച്ചകൾ വരെ നടത്തേണ്ടി വരുന്ന അവസ്ഥ വരെ ഉണ്ടായി. ചർച്ചകൾക്കൊടുവിൽ സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിലേക്കു തന്നെ ചേക്കേറിയിരിക്കുകയാണ്. ബാഴ്‌സ ട്രെയിനിങ് ക്യാമ്പിൽ നിന്നും നിറകണ്ണുകളോടെയാണ് സുവാരസ് ഇന്നലെ പടിയിറങ്ങിയത്.
Pablo Garcia [Ex Madrid Player]: "I can't believe what's going on with Luis Suarez at Barcelona. He's a goal scorer and makes a difference when he plays. It seems other players of his age at the club, that are Catalans are not treated this way." pic.twitter.com/0oerlz6dtg
— ALL ABOUT BARCELONA (@BarcaLive24_7) September 23, 2020
ബാഴ്സയുടെ ചരിത്രത്തിൽ ഗോൾവേട്ടക്കാരിൽ മൂന്നാമതെത്തിയ താരമാണ് ലൂയിസ് സുവാരസ്. അദ്ദേഹത്തിന്റെ വയസുള്ള ഒരു കാറ്റാലൻ താരത്തോട് ബാഴ്‌സ ഇങ്ങനെ പെരുമാറുമെന്നു തോന്നുന്നില്ലെന്നും പാബ്ലോ ഗാർഷ്യ ചൂണ്ടിക്കാട്ടി. സുവാരസ് ഒരു ഗോൾവേട്ടക്കാരൻ ആണെന്നും കളിക്കുമ്പോൾ അതിന്റെതായ മാറ്റമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിയുമെന്നും ഗാർഷ്യ അഭിപ്രായപ്പെട്ടു.
” ബാഴ്സയിൽ സുവാരസിന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹമൊരു ഗോൾവേട്ടക്കാരനാണ്. അദ്ദേഹം കളിക്കുമ്പോൾ അതിന്റെതായ മാറ്റം കളിയിൽ കൊണ്ടുവരാൻ കഴിവുള്ള താരവുമാണ്. ഞാനിത് പറയുന്നത് ഞങ്ങൾ ഉറുഗ്വായ് താരങ്ങളായതുകൊണ്ടല്ല. ഇതേ വയസുള്ള ഒരു കാറ്റാലൻ താരത്തിനോട് ബാഴ്‌സ ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല.” റേഡിയോ മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് സുവാരസ് ട്രാൻസ്ഫറിനെക്കുറിച്ച ഗാർഷ്യ സംസാരിച്ചത്.